ആയുർവേദ ചികിത്സാ രീതിയിലൂടെ ശാസ്ത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ബൃഹത് ത്രായി രത്ന പുരസ്ക്കാരം ഡോ. എം ആർ വാസുദേവൻ നമ്പൂതിരിക്ക് ലഭിച്ചത് ആകസ്മികമല്ല. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി കേരളം രാഷ്ട്രത്തിന് സമ്മാനിച്ച മികച്ച ആയുർവേദ ഭിഷഗ്വരൻമാരിൽ ഒരാളാണ് ഡോ. എം ആർ വാസുദേവൻ നമ്പൂതിരി. ആയുർവേദത്തിലെ ജനറൽ മെഡിസിൻ വിഭാഗമായ കായകൽപ ആൻഡ് പഞ്ചകർമയിൽ അഗ്രഗണ്യനായ അദ്ദേഹം, ഹൃദ്രോഗം, കരൾരോഗം, പ്രമേഹം, ആർത്രൈറ്റിസ്, നാഡീരോഗങ്ങൾ എന്നിവയിൽ ഫലപ്രദമായ ചികിത്സയിലൂടെ പേരെടുത്തു.
അലോപ്പതി കൈയൊഴിഞ്ഞ നിരവധി രോഗികൾക്ക് അദ്ദേഹം ആശ്വാസമേകി. പാർക്കിൻസസ്, മോട്ടോർ ന്യൂറോൺ ഡിസീസ് എന്നിവയിലും ഡോ. എം ആർ വാസുദേവൻ നമ്പൂതിരി, രോഗികൾക്ക് ഫലപ്രദമായ ചികിത്സ നിർദേശിച്ചു.
തിരുവനന്തപുരം ആയുർവേദ കോളേജിന്‍റെ സൂപ്രണ്ടായും പ്രിൻസിപ്പലായും ഡോ. എം ആർ വാസുദേവൻ നമ്പൂതിരി സേവനമനുഷ്ഠിച്ചു. ഇപ്പോൾ കൊല്ലം എൻ എസ് ആയുർവേദ ആശുപത്രിയിലെ ചീഫ് കൺസൾട്ടന്‍റും കോയമ്പത്തൂർ അമൃത സ്കൂൾ ഓഫ് ആയുർവേദയുടെ പ്രിൻസിപ്പലായും പ്രവർത്തിച്ചുവരികയാണ്.
ആയുർവേദത്തെക്കുറിച്ച് രണ്ട് പുസ്തകങ്ങൾ ഡോ.എം ആർ വാസുദേവൻ നമ്പൂതിരി രചിച്ചു , അതിൽ ഒന്ന് ബിരുദാനന്തര പഠനത്തിനുള്ള പാഠപുസ്തകമാണ്. 20 വർഷമായി ആയുർവേദ ബിരുദാനന്തര ബിരുദ അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചുവരികയാണ്.
പി കെ വാരിയർ, വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി, ഡോ. കെ.രാജഗോപാലൻ, രാഘവൻ തിരുമുൽപ്പാട് എന്നിവർക്കാണ് ഇതിന് മുമ്പ് കേരളത്തിൽനിന്ന് ബൃഹത് ത്രായി രത്ന പുരസ്ക്കാരം ലഭിച്ചിട്ടുള്ളത്.