ഇനി 400 രൂപയ്ക്ക് അഷ്ടമുടിക്കായലിന്‍റെ സൗന്ദര്യം ആസ്വദിക്കാം; സീ അഷ്ടമുടി ബോട്ട് സർവീസ് മാർച്ച് 10 മുതൽ

‘അഷ്ടമുടിക്കായലിലെ 
അന്നനടത്തോണിയിലെ 
ചിന്നക്കിളി ചിങ്കാരക്കിളി -ചൊല്ലുമോ 
എന്നെ നിനക്കിഷ്ടമാണോ 
ഇഷ്ടമാണോ’

വയലാറിന്‍റെ വരികൾക്ക് ജി ദേവരാജൻ മാസ്റ്റർ ഈണം നൽകി ഗാനഗന്ധർവൻ കെ .ജെ യേശുദാസ് ആലപിച്ച മനോഹരഗാനം. പാട്ടിലെ വരികൾ സൂചിപ്പിക്കുന്നതുപോലെ അതിമനോഹരിയാണ് അഷ്ടമുടിക്കായൽ. എട്ട് മുടികളിലായി ദൃശ്യ സൗന്ദര്യം ഒളിപ്പിച്ചുവെച്ച അഷ്ടമുടിയെ കണ്ടറിയാൻ ജലഗതാഗത വകുപ്പ് ഒരുക്കുന്ന അത്യാധുനിക ‘സീ അഷ്ടമുടി’ എന്ന ക്രൂയിസർ ബോട്ട് സർവീസ് മാർച്ച് പത്ത് മുതൽ ആരംഭിക്കുന്നു. ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ബോട്ട് സർവീസ് ഉദ്ഘാടനം ചെയ്യും. 

ജലയാത്രയിലൂടെ അഷ്ടമുടിയുടെ മനോഹാരിത പൂർണമായും ആസ്വദിക്കാൻ കഴിയുന്ന ഇരുനില ബോട്ടാണ്‌ സർവീസിനായി ഒരുക്കിയിരിക്കുന്നത്. ഇതിനോടകം ആലപ്പുഴയിൽ വൻ ഹിറ്റായി മാറിയ ‘സീ കുട്ടനാട്‌’ മാതൃകയിലാണ്‌ സീ അഷ്‌ടമുടിയും സർവീസ് നടത്തുന്നത്. 

ദിവസവും രാവിലെ 11 മണിക്ക് കൊല്ലം ബോട്ട് ജെട്ടിയിൽ നിന്ന് പുറപ്പെടുന്ന ബോട്ട് സർവീസ് സാമ്പ്രാണിക്കോടിയിലാണ് ആദ്യമെത്തുന്നത്. അവിടെ യാത്രികർക്ക് ഇറങ്ങി കണ്ടൽ തുരുത്തിന്‍റെ ഭംഗി കണ്ടറിയാനാകും. തുടർന്ന് അഷ്ടമുടി കോഴിവിളയിലെത്തും. അവിടെനിന്ന് കല്ലടയാറ്റിലൂടെ മൺറോതുരുത്തിലെ കണ്ണങ്കാട്ടുകടവ് വഴി പെരിങ്ങാലം ധ്യാനകേന്ദ്രം, ഡെച്ച് പള്ളി, പെരുമൺ പാലം, കാക്കതുരുത്ത് വഴി 4.30ന് കൊല്ലത്ത് മടങ്ങിയെത്തും. 

നോൺ എസി ബോട്ടായ സീ അഷ്ടമുടിയിൽ 90 സീറ്റുണ്ട്‌. ലൈറ്റിനും ഫാനിനും സൗരോർജമാണ്‌ ഉപയോഗിക്കുന്നത്‌. ഇരുനില ബോട്ടിന്റെ മുകളിൽ 30 സീറ്റും താഴെ 60 സീറ്റുമാണുള്ളത്​. മുകളിൽ 500 രൂപയും താഴെ 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്. 

അകത്ത്​ ഭക്ഷണവിതരണത്തിന്‌ കഫ്റ്റീരിയയുമുണ്ട്​. സീ കുട്ടനാടിലെപ്പോലെ കുടുംബശ്രീയുടെ രുചികരമായ ഭക്ഷണവും കുറഞ്ഞ നിരക്കിൽ സീ അഷ്ടമുടി ബോട്ടിൽ ലഭ്യമാകും. 

ഐആർഎസ്‌ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്ന​ സ്‌റ്റീലിലാണ്​ ബോട്ട്​ നിർമിച്ചത്​. ഏകദേശം 1.90 കോടി രൂപ ചെലവിട്ട് ആധുനിക സജ്ജീകരണങ്ങളോടെയാണ് ബോട്ട് നിർമിച്ചിരിക്കുന്നത്. ഇതിൽ താഴത്തെയും മുകളിലത്തെയും നിലകളിൽ ശൌചാലയങ്ങളുണ്ട്. 

സീ അഷ്ടമുടി യാത്രയ്ക്കായി ബുക്ക് ചെയ്യേണ്ട നമ്പർ- 94000 50390.

Content Summary: Enjoy the beauty of Ashtamudi Lake: ‘See Ashtamudi’ tourist boat service in Kollam to be launched from March 10.