ശസ്ത്രക്രിയ നടത്താൻ 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ

തൃശൂർ: ശസ്ത്രക്രിയ നടത്താനായി രോഗിയുടെ ഭർത്താവിൽനിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിലായി. തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ടറായ ഷെറി ഐസക്കാണ് അറസ്റ്റിലായത്. വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

കാലിന് ഒടിവ് പറ്റിയ സ്ത്രീയ്ക്ക് ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചിരുന്നു. എന്നാൽ ഓരോ കാരണം പറഞ്ഞ് ഡേറ്റ് നൽകാൻ ഡോക്ടർ തയ്യാറായില്ല. ഇതോടെയാണ് ഒട്ടുപാറയിലുള്ള ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിൽ രോഗിയുടെ ഭർത്താവ് എത്തയിത്. ശസ്ത്രക്രിയ നടത്താനുള്ള ഡേറ്റ് നൽകണമെങ്കിൽ 3000 രൂപ നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ രോഗിയുടെ ഭർത്താവ് വിജിലൻസിന് പരാതി നൽകുകയായിരുന്നു. വിജിലൻസ് നിർദേശിച്ചത് അനുസരിച്ച് ഫിനോഫ്ത്തലിൻ പുരട്ടിയ 500 രൂപയുടെ നോട്ടുകളുമായി പരാതിക്കാരൻ ഡോക്ടറുടെ ക്ലിനിക്കിലെത്തി. ഈ സമയം പുറത്ത് കാത്തുനിന്ന വിജിലൻസ് സംഘം പണം കൈമാറുമ്പോൾ ഉള്ളിൽ കടക്കുകയും ഡോക്ടറെ കൈയോടെ പിടികൂടുകയുമായിരുന്നു. പണം പിടിച്ചെടുക്കുകയും ഡോക്ടറുടെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തുകയുമായിരുന്നു.

Content Summary: Government doctor arrested for accepting bribe for surgery