ഹൃദ്രോഗം കൃത്യമായി പ്രവചിക്കുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപകരണവുമായി ഇസ്രായേൽ

ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്ന ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും ഏകദേശം 1.79 കോടി ആളുകൾ കാർഡിയോ വാസ്കുലാർ ഡിസീസ് മൂലം മരണപ്പെടുന്നു. ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി ആധുനികസംവിധാനങ്ങൾ വൈദ്യശാസ്ത്രരംഗത്തേക്ക് വരുന്നത് ഒരു പ്രതീക്ഷ നൽകുന്നുണ്ട്. ഇപ്പോഴിതാ, ഒരു ഇസ്രായേലി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്(നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ) ഉപകരണം ഹൃദ്രോഗ സാധ്യത കൃത്യമായി മുൻകൂട്ടി കണ്ടെത്തും. അതുവഴി ഹൃദയസ്തംഭന സാധ്യതയെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ഇത് വികസിപ്പിച്ചവർ പറയുന്നത്. പുതിയ സാങ്കേതികവിദ്യ, ഹൃദയസ്തംഭന സാധ്യത വർദ്ധിപ്പിക്കുന്ന മയോസിറ്റിസ് അല്ലെങ്കിൽ ഹൃദയത്തിലെ പേശി വീക്കം ഉള്ള രോഗികളെ കൃത്യമായി നിരീക്ഷിക്കുന്നു. ഇസിജി പരിശോധനാഫലം വിശകലനം ചെയ്താണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. 

റംബാം ഹെൽത്ത്‌കെയർ കാമ്പസിലെ പ്രധാന ഗവേഷകനും ഫിസിഷ്യനുമായ ഡോ ഷഹർ ഷെല്ലിയാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം നൽകിയത്. ഹൃദ്രോഗ സാധ്യത കൃത്യമായി മുൻകൂട്ടി പ്രവചിക്കാൻ ഈ ഉപകരണത്തിന് സാധിക്കുമെന്ന് ഡോ. ഷഹർ ഷെല്ലി ടൈം ഓഫ് ഇസ്രയേലിനോട് പറഞ്ഞു. 

പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത ഗവേഷണ റിപ്പോർട്ട് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചു, 80 ശതമാനം ഹൃദയസ്തംഭന കേസുകളും ഈ ഉപകരണം കൃത്യമായി പ്രവചിച്ചതായാണ് റിപ്പോർട്ട്. മയോസിറ്റിസ് രോഗികളുടെ ഇസിജി പരിശോധനയിൽ അൽഗോരിതം പ്രവർത്തിപ്പിച്ചാണ് ഈ പഠനം നടത്തിയത്. ഹൃദയസ്തംഭന സാധ്യതയുള്ളവരെ കൃത്യമായി ഈ ഉപകരണത്തിലൂടെ നേരത്തെ കണ്ടെത്താനും, അവർക്ക് മതിയായ കരുതൽ ചികിത്സ നൽകാനും സാധിച്ചു. 

“ഞങ്ങൾ ഈ ആർട്ടിഫിഷ്യൽ ഉപകരണത്തിലൂടെ ECG ടെസ്റ്റുകൾ നടത്തുന്നു, ഇത് ഡോക്ടർമാർക്ക് സാധാരണ കണ്ടുപിടിക്കാൻ കഴിയാത്ത വിശദാംശങ്ങൾ കാണുകയും ആർക്കാണ് ഹൃദയസ്തംഭനത്തിന് സാധ്യതയുള്ളതെന്ന് പ്രവചിക്കുകയും ചെയ്യുന്നു,” ഡോ. ഷെല്ലി പറഞ്ഞു. “ഈ ഹൃദയ വൈകല്യങ്ങളാണ് പലപ്പോഴും ആളുകളുടെ ജീവൻ എടുക്കുന്നത്. അതിനാൽ പുതിയ ഉപകരണം ഒരു ജീവൻരക്ഷാ സംവിധാനമായി ഉപയോഗിക്കാനാകും”. 

പുതിയ ഉപകരണം ഉപയോഗിച്ച് 2000 മുതൽ 2020 വരെയുള്ള 89 മയോസിറ്റിസ് രോഗികളുടെ ഇസിജി സ്കാനുകളും മെഡിക്കൽ റെക്കോർഡുകളും വിശകലനം ചെയ്തു. ഹൃദയസ്തംഭനത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ട ഇസിജിയിലെ സൂക്ഷ്മമായ പാറ്റേണുകളെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ ഇതിലെ അൽഗോരിതത്തിന് കഴിഞ്ഞു. ഈ ഉപകരണം കൂടുതൽ ഗവേഷണത്തിന് പ്രായോഗികമായി മെഡിക്കൽ ക്ലിനിക്കുകളിൽ ഉപയോഗിക്കാൻ സാധിക്കുമെന്ന് ഡോ. ഷെല്ലി പറഞ്ഞു.