കരൾ രോഗിയായ അച്ഛന് പുതുജീവൻ നൽകി 17കാരി മകൾ. ഹെപ്പറ്റോ സെല്ലുലാർ ക്യാൻസർ ബാധിതനായ തൃശൂർ കോലഴി സ്വദേശിയായ പ്രതീഷിനാണ് മകൾ ദേവനന്ദ കരൾ പകുത്തുനൽകിയത്. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ദേവനന്ദ മാറിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി ഒമ്പതിന് ആലുവയിലെ രാജഗിരി ആശുപത്രിയിൽ വച്ചാണ് പ്രതീഷിന് കരൾമാറ്റ ശസ്ത്രക്രിയ നടത്തിയത്.
അസുഖബാധിതനായ പ്രതീഷിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായതോടെയാണ് കരൾമാറ്റ ശസ്ത്രക്രിയ വേഗത്തിൽ നടത്തേണ്ടിവന്നത്. മറ്റൊരു ദാതാവിനെ പെട്ടെന്ന് ലഭിക്കാതെ വന്നതോടെയാണ് മകൾ ദേവനന്ദ തന്റെ കരളിന്റെ ഒരു ഭാഗം 48 കാരനായ പിതാവിന് ദാനം ചെയ്യാൻ സന്നദ്ധയായി മുന്നോട്ട് വന്നത്.
12-ാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദയ്ക്ക് കരൾദാനത്തിനായി വലിയ തയ്യാറെടുപ്പാണ് നടത്തേണ്ടിവന്നത്. കരളിന്‍റെ ആരോഗ്യം മികച്ച നിലയിലാക്കാൻവേണ്ടി ഡോക്ടർമാരുടെ നിർദേശപ്രകാരം ജീവിതശൈലി അടിമുടി മാറ്റി. ഭക്ഷണശീലം മാറ്റുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്തു.
പ്രായപൂർത്തിയാകാത്തവർക്ക് അവയവങ്ങൾ ദാനം ചെയ്യാൻ അനുവാദമില്ലാത്തതിനാൽ, നടപടിക്രമങ്ങൾക്ക് നിയമപരമായ അനുമതി വാങ്ങാൻ പതിനേഴുകാരിയായ ദേവനന്ദയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു. ഒരു കൗമാരക്കാരിയെ അവയവദാനം ചെയ്യാൻ അനുവദിച്ച സമാനമായ ഒരു കേസ് ശ്രദ്ധയിൽപ്പെട്ടതാണ് ദേവനന്ദയുടെ നിയമപോരാട്ടം എളുപ്പമാക്കിയത്.
പ്രായപൂർത്തിയാകാത്തവരുടെ അവയവദാനവുമായി ബന്ധപ്പെട്ട പ്രായപരിധിയിൽ നിന്ന് കൗമാരക്കാർക്ക് ഇളവ് നൽകരുതെന്ന 1994-ലെ ട്രാൻസ്പ്ലാൻറേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആൻഡ് ടിഷ്യൂസ് ആക്ട് പ്രകാരമുള്ള ഒരു കമ്മിറ്റിയുടെ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
എന്നാൽ ഹൈക്കോടതിയിലെ ജസ്റ്റിസ് വി ജി അരുൺ, ദേവനന്ദയുടെ ഹർജി ശ്രദ്ധാപൂർവ്വം പരിഗണിച്ച ശേഷം, അവരുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സമിതിയോട് ആവശ്യപ്പെട്ടു. അഭ്യർത്ഥനയെ തുടർന്ന് മറ്റൊരു വിദഗ്ധ സംഘം ദേവനന്ദയ്ക്ക് അനുകൂലമായി ശുപാർശ നൽകി. പിതാവിന് കരൾ പകുത്തുനൽകാനുള്ള ദേവനന്ദയുടെ സന്നദ്ധതയെ ജഡ്ജി പ്രശംസിച്ചു.
പ്രതീഷിന്റെ കരളിൽ അർബുദ ബാധ രൂക്ഷമായതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. രാജഗിരി ആശുപത്രിയിലെ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാൻറ് സർവീസസ് മേധാവി ഡോ.രാമചന്ദ്രൻ നാരായണമേനോന്റെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരായ ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
രോഗിയായ പിതാവിനെ രക്ഷിക്കാനുള്ള കൗമാരക്കാരിയുടെ ധീരമായ പരിശ്രമം കണക്കിലെടുത്ത്, എല്ലാ ചികിത്സാ ചെലവുകളും ഒഴിവാക്കാൻ ആശുപത്രി മാനേജ്മെന്റ് തീരുമാനിച്ചു. ഒരാഴ്ചയോളം ആശുപത്രിയിൽ കിടന്നതിന് ശേഷം, ഫെബ്രുവരി 19 ഞായറാഴ്ച ദേവനന്ദയെ ഡിസ്ചാർജ് ചെയ്തു. ദേവനന്ദ പൂർണ ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. അച്ഛനുവേണ്ടി ഈ കാര്യം ചെയ്യാൻ അനുമതി ലഭിച്ചതിൽ അഭിമാനിക്കുകയും, സന്തോഷിക്കുകയും ചെയ്യുന്നതായി ദേവനന്ദ പറഞ്ഞു.
Content summary: 17-year-old Devananda gave part of her liver to her father, and became the youngest organ donor in the country
Image courtesy: India Today