മലയാളി കഴിക്കുന്നത് മാരകവിഷം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

തിരുവനന്തപുരം: മലയാളിയുടെ ഭക്ഷണത്തിൽ മാരകവിഷങ്ങളും രാസവസ്തുക്കളും അടങ്ങിയിരിക്കുന്നതായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിവന്ന പരിശോധനകളിൽ വ്യക്തമായി. കഴിഞ്ഞ രണ്ടുവർഷമായി ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ആഹാരസാധനങ്ങൾ ലാബുകളിൽ പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. മാധ്യമം ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 

പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കളിൽ കൃഷിസ്ഥലങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനിയുടെയും ഖന ലോഹാംശങ്ങളും ആന്‍റിബയോട്ടിക്കും, ഭക്ഷണത്തിൽ ഒരുകാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്ത നിറക്കൂട്ടുകളും വിസർജ്യങ്ങളിലുള്ള കോളിഫോം ബാക്ടീരിയ ഉൾപ്പടെയുള്ള പദാർഥങ്ങളും കണ്ടെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടെ നടത്തിയ പരിശോധനയില്‍ മാത്രം ഇത്തരത്തിലുള്ള 198 വിഷ പദാര്‍ഥങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പറയുന്നത്. 

എന്നാൽ ഹോട്ടലിലെയും ബേക്കറിയിലെയും ഭക്ഷണത്തിൽ മാത്രമല്ല, മാരക രാസവസ്തുക്കളുടെ സാന്നിദ്ധ്യമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വിപണിയിൽനിന്ന് വാങ്ങുന്ന മസാലപ്പൊടിയിലും ശർക്കരയിലുമൊക്കെ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. തുണികൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന റോഡമിന്‍റെ സാന്നിദ്ധ്യമാണ് ശർക്കരയിൽ ഉള്ളത്. ഒരു കാരണവശാലും ഭക്ഷണത്തിൽ ചേർക്കാൻ പാടില്ലാത്ത റോഡമിൻ മാരകമായ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവാണ്. അടുത്തിടെ ബോംബെ മിഠായിയിൽ റോഡമിന്‍റെ അളവ് കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. 

കൂടാതെ ചിപ്സ്, മിക്സ്ചർ എന്നിവയിൽ ടാര്‍ട്ടസിന്‍ എന്ന രാസവസ്തു കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തു നേരത്തെ തന്നെ നിരോധിച്ചതാണ്. എന്നാൽ ബേക്കറികളിൽനിന്ന് രണ്ടുവർഷത്തിനിടെ പിടിച്ചെടുത്ത ചിപ്സിലും മിക്സചറിലും വലിയതോതിൽ ടാർട്ടസിൻ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മുളകുപൊടി, മല്ലിപ്പൊടി എന്നിവയിലാണ് കീടനാശിനികളുടെ സാന്നിധ്യം അമിതമായ അളവിൽ കണ്ടെത്തിയിട്ടുള്ളത്. 

Also Read: Food Poisoning | ഭക്ഷ്യവിഷബാധ; കാരണങ്ങൾ, ലക്ഷണങ്ങൾ

അരിപ്പൊടിയിലും ഗോതമ്പ് പൊടിയിലുമൊക്കെയാണ് കോപ്പർ, നിക്കൽ തുടങ്ങിയ ലോഹങ്ങളുടെ അംശം കണ്ടെത്തിയത്. ഇവ പൊടിക്കുന്ന വൻകിട മില്ലുകളിലെ യന്ത്രഭാഗങ്ങൾ ഉരഞ്ഞാകാം ലോഹാംശം അരിപ്പൊടിയിലും മറ്റും കലരുന്നതെന്നാണ് സംശയം. പാലിൽ ആണ് ആന്‍റിബയോട്ടിക് സാന്നിദ്ധ്യം കണ്ടെത്തിയത്. ചികിത്സയുടെ ഭാഗമായി പശുവിന് നൽകിയ ആന്‍റിബയോട്ടിക്ക് ആകാം ഇതെന്നാണ് സംശയിക്കുന്നത്. ബ്രഡിലും മറ്റും കാണുന്ന ടൂട്ടി ഫ്രൂട്ടിയില്‍ കാര്‍മോയിസിന്‍ എന്ന നിറം ചേര്‍ക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥയുള്ളതെങ്കിലും ഇത് വ്യാപകമായി തോതിൽ ചേർക്കുന്നതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. 

കഴിഞ്ഞ രണ്ടു വർഷമായി പിടിച്ചെടുത്ത ചില ധാന്യപ്പൊടികളിൽ യൂറിയ, യൂറിക് ആസിഡ് എന്നിവയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. ധാന്യപ്പൊടികളിൽ എലിക്കാഷ്ഠം കലർന്നിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഗോതമ്പിൽ പറ്റിപ്പിടിച്ചിരിക്കുന്ന എലിക്കാഷ്ഠത്തിൽനിന്നാകാം അത് പൊടിക്കുമ്പോൾ യൂറിയയും യൂറിക് ആസിഡും വരാൻ സാധ്യതയെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

Content Summary: Malayali eats deadly poison; Food Safety Department finds a shocking discovery