ന്യൂഡൽഹി: ഭാരത് ബയോടെക്കിന്‍റെ കോവിഡ് -19 നേസൽ വാക്സിൻ ഉപയോഗിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ ബൂസ്റ്റർ ഡോസായി ഭാരത് ബയോടെക്കിന്‍റെ നേസൽ വാക്സിൻ ഉപയോഗിക്കാം. ഇതോടെ കുത്തിവെയ്പ്പിന് പകരം മൂക്കിൽ തുള്ളിമരുന്നായി വാക്സിൻ സ്വീകരിക്കാൻ സാധിക്കും. കോവിഡ് പ്രതിരോധത്തിനായുള്ള നേസൽ വാക്സിൻ ഇന്ന് മുതൽ Covd-19 വാക്സിനേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തുമെന്നും ഇത് സ്വകാര്യ ആശുപത്രിയിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് ഉപയോഗിക്കുന്ന മൂന്നാമത്തെ കരുതൽ ഡോസായി ഭാരത് ബയോടെക്കിന്‍റെ നേസൽ വാക്സിൻ മാറും. നിലവിൽ കൊവീഷീൽഡ്, കോവാക്സിൻ തുടങ്ങിയ വാക്സിനുകൾ ബൂസ്റ്റർ ഡോസായി ഉപയോഗിക്കുന്നുണ്ട്.
എന്താണ് ഭാരത് ബയോടെക്ക് നേസൽ വാക്സിൻ?
മൂക്കിലൂടെ തുള്ളിമരുന്നായി സ്വീകരിക്കാവുന്ന കോവിഡ് പ്രതിരോധ വാക്സിനാണിത്. രോഗപ്രതിരോധം ശക്തമാക്കാൻ സഹായിക്കുകയും കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന – IgG, മ്യൂക്കോസൽ IgA, T സെൽ പ്രതികരണങ്ങളെ നിർവീര്യമാക്കാൻ നേസൽ വാക്സിൻ സഹായിക്കും. അണുബാധയുള്ള സ്ഥലത്ത് (മൂക്കിലെ മ്യൂക്കോസയിൽ) പ്രതിരോധം തീർക്കുകയും അണുബാധ തടയുകയും അതുവഴി COVID-19 ബാധിക്കുന്നതിനെ ചെറുക്കുകയും ചെയ്യും. iCOVACC(BBV154) എന്നാണ് ഭാരത് ബയോടെക്ക് വാക്സിന് പേര് നൽകിയിരിക്കുന്നത്.
നേസൽ വാക്സിൻ- പ്രത്യേകതകൾ
- മൂക്കിലെ മ്യൂക്കോസയുടെ സംഘടിത പ്രതിരോധ സംവിധാനങ്ങൾ കാരണം മൂക്കിലൂടെയുള്ള വാക്സിനേഷൻ ഏറെ ഫലപ്രദമായിരിക്കും.
- കുത്തിവെയ്പ്പ് അല്ലാത്തതിനാൽ വേദനരഹിത വാക്സിനേഷൻ
- വളരെ ലളിതമായി ഉപയോഗിക്കാനാകും. കുത്തിവെയ്പ്പ് വാക്സിനേഷൻ പോലെ പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ ആവശ്യമില്ല.
- കുത്തിവെയ്പ്പ് നടത്തുമ്പോൾ സൂചിയുമായി ബന്ധപ്പെട്ട അപകടമോ അണുബാധയോ അലർജിയോ ഉണ്ടാകില്ല.
- വളരെ വേഗം പ്രവർത്തിച്ചുതുടങ്ങും. കൊറോണ വൈറസ് ബാധിക്കുന്നത് ശ്വസനത്തിലൂടെയാണ്. അതുകൊണ്ടുതന്നെ മൂക്കിലൂടെ നൽകുന്ന വാക്സിൻ കുട്ടികളിലും മുതിർന്നവരിലും വേഗത്തിൽ പ്രവർത്തിച്ചുതുടങ്ങും.
- വാക്സിന്‍റെ അളവ് കൃത്യമായി നിർണയിക്കാനാകും. ആഗോളതലത്തിലുള്ള ആവശ്യം നിറവേറ്റാനും സാധിക്കും.
നേസൽ വാക്സിൻ പരീക്ഷണം
എലികൾ, ചിമ്പൻസികൾ ഉൾപ്പടെയുള്ള ജീവികളിൽ നേസൽ വാക്സിന്‍റെ (ChAd-SARS-CoV-2-S) ഒരു ഡോസ് ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പായി നൽകി, നോവൽ കൊറോണ വൈറസിനെതിരെ ഉയർന്ന പ്രതിരോധം നൽകിയതായി പരീക്ഷണത്തിൽ വ്യക്തമായി. വാക്സിൻ നൽകിയതോടെ ഈ മൃഗങ്ങളുടെ താഴത്തെയും മുകളിലെയും ശ്വാസനാളങ്ങളിൽ ഉണ്ടായിരുന്ന വൈറസുകൾ ഉടനടി നശിച്ചുപോയതായി കണ്ടെത്തി. അതിനുശേഷമാണ് 4000 വോളണ്ടിയർമാരിൽ ഈ വാക്സിൻ ഉപയോഗിച്ചത്. മൂക്കിലൂടെ തുള്ളിമരുന്നായാണ് മനുഷ്യരിൽ ഇത് പരീക്ഷിച്ചത്. വാക്സിൻ രോഗപ്രതിരോധ സംവിധാനം തീർക്കുന്നതായും പാർശ്വഫലങ്ങൾ ഉണ്ടാകുന്നില്ലെന്നും വ്യക്തമായി.
അങ്ങനെ, ChAd-SARS-CoV-2-S ഇൻട്രാനാസൽ പ്രതിരോധ വാക്സിൻ മൂക്കിൽ ഒരു രോഗപ്രതിരോധ പ്രതികരണം സൃഷ്ടിക്കാൻ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചു. മൂക്ക് വൈറസ് പ്രവേശിക്കുന്ന അവയവമാണ്- അതുവഴി രോഗം, അണുബാധ, വ്യാപനം എന്നിവയിൽ നിന്ന് സംരക്ഷണം നൽകുമെന്ന് മാസങ്ങൾ നീണ്ട പരീക്ഷണത്തിൽ വ്യക്തമായി. മൂന്നു ഘട്ടങ്ങളിലായുള്ള ക്ലിനിക്കൽ പരീക്ഷണവും പൂർത്തിയാക്കിയശേഷമാണ് അനുമതിക്കായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിജിസിഐ)യെ സമീപിച്ചത്.
ആർക്കൊക്കെ ഉപയോഗിക്കാം?
രണ്ട് ഡോസ് കുത്തിവെയ്പ്പ് വാക്സിൻ എടുത്ത 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കരുതൽ ഡോസായി നേസൽ വാക്സിൻ സ്വീകരിക്കാം
ആർക്കൊക്കെ സ്വീകരിക്കാൻ പാടില്ല?
വാക്സിൻ ലേബലിൽ പരാമർശിച്ചിട്ടുള്ള തരം അലർജി ഉള്ളവർ
അലർജി ഉള്ളവർ ഡോക്ടറുടെ നിർദേശം തേടണം
പനിയോ മറ്റ് അണുബാധയോ ഉണ്ടെങ്കിൽ നേസൽ വാക്സിൻ എടുക്കരുത്