Last Updated on December 28, 2024
വേദനയില്ലാത്ത കുത്തിവെയ്പുകൾക്കായി സൂചിയില്ലാത്ത സിറിഞ്ച് വികസിപ്പിച്ച് ഐഐടി ബോംബെ. ഷോക്ക് സിറിഞ്ചുകൾ എന്നറിയപ്പെടുന്ന ഇവ എലികളിൽ പരീക്ഷിക്കുകയും ചെയ്തു. വേദനയില്ലാതെ ശരീരത്തിലേക്ക് മരുന്നുകൾ കുത്തിവെക്കാൻ ഈ സിറിഞ്ചുകൾക്ക് കഴിയും.
ഇടയ്ക്കിടെ കുത്തിവെപ്പുകൾ എടുക്കേണ്ടിവരുന്ന രോഗികൾക്ക് ഇത് വലിയ ആശ്വാസം തരുന്ന കണ്ടുപിടിത്തമാണ്. ഐഐടി ബോംബെയിലെ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെൻ്റിലെ പ്രൊഫ. വിരെൻ മെനെസെസിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഷോക്ക് വേവ് അടിസ്ഥാനമാക്കിയുള്ള സിറിഞ്ച് വികസിപ്പിച്ചെടുത്തത്. ഉയർന്ന ഊർജ്ജ ഷോക്ക് തരംഗങ്ങൾ ഉപയോഗിച്ച് ചർമ്മത്തിൽ കേടുപാടുകൾ വരുത്താതെ മരുന്ന് ശരീരത്തിൽ പ്രവേശിപ്പിക്കാൻ ഈ സിറിഞ്ചുകൾക്ക് സാധിക്കും.
പരമ്പരാഗത സൂചികളെക്കാളും ഫലപ്രദമായി മരുന്ന് കുത്തിവെക്കാൻ ഷോക്ക് സിറിഞ്ചുകൾക്ക് കഴിയുമെന്ന് പരീക്ഷണത്തിൽ കണ്ടെത്തി. വാക്സിനേഷൻ കാമ്പെയ്‌നുകളിൽ വിപ്ലവം സൃഷ്ടിക്കാൻ ഷോക്ക് സിറിഞ്ചുകൾക്ക് കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ കണ്ടെത്തൽ.
വേദനയില്ലാത്തതും സുരക്ഷിതവുമായ കുത്തിവെപ്പുകൾക്ക് ഷോക്ക് സിറിഞ്ചുകൾ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും വ്യാപകമായി ലഭ്യമാകുന്നതിന് നിയമപരമായ അനുമതികൾ ലഭിക്കേണ്ടതുണ്ട്.
Also Read | കാൻസറിനെതിരെ വാക്‌സിൻ; വമ്പൻ കണ്ടുപിടിത്തവുമായി റഷ്യ