വീണ്ടും കോവിഡ് വ്യാപനം; ഒമിക്രോൺ ബിഎഫ്. 7 ഇന്ത്യയിലും കണ്ടെത്തി

ന്യൂഡൽഹി: ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഒമിക്രോൺ ബിഎഫ്. 7(Omicron BF.7) വകഭേദം ഇന്ത്യയിൽ കണ്ടെത്തി. ഗുജറാത്തിൽ രണ്ടും ഒഡീഷയിൽ ഒരാളിലുമാണ് ഒമിക്രോൺ ബിഎഫ്. 7 കണ്ടെത്തിയത്. അമേരിക്കയില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശിയായ 61കാരിയാണ് രോഗം കണ്ടെത്തിയതിൽ ഒരാള്‍. വളരെ വേഗത്തിൽ വ്യാപിക്കുന്നതാണ് ഒമിക്രോൺ ബിഎഫ്. 7-നെ അപകടകാരിയാക്കുന്നത്. ഒരാളിൽനിന്ന് വളരെ പെട്ടെന്ന് 10 മുതൽ 18 പേരിലേക്ക് വ്യാപിക്കാൻ ഇതിന് കഴിയും. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങളെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

രാജ്യത്ത് ഒമിക്രോൺ ബിഎഫ്. 7 കണ്ടെത്തിയ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു. വിദേശത്ത് നിന്നെത്തുന്നവരിൽ യാത്രക്കാരുടെ സംഘത്തിൽ നിന്ന് ചിലരെ പരിശോധിച്ച് ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു.

രാജ്യത്ത് ഒമിക്രോൺ ബിഎഫ്. 7 സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ പ്രതിരോധം സംവിധാനം ശക്തമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. കോവി‍ഡ് പൂർണമായും അവസാനിച്ചിട്ടില്ലെന്നും ജാ​ഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് യോഗത്തിനുശേഷം മന്ത്രി പറഞ്ഞു. ഏതുസാഹചര്യത്തെയും നേരിടാൻ രാജ്യം തയ്യാറാണെന്നും മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി.