രാജ്യത്തെ ഏറ്റവും മികച്ച സഹകരണ ആശുപത്രിയായി ഒന്നിലേറെ തവണ തെരഞ്ഞെടുക്കപ്പെട്ട കൊല്ലം എൻ എസ് ആശുപത്രിയ്ക്ക് 18 വയസ്. ആതുരസേവന രംഗത്ത് വേറിട്ട മുഖമായി മാറിയ എൻഎസ് ആശുപത്രിയുടെ വാർഷികാഘോഷങ്ങൾ ഫെബ്രുവരി 16, 17 തീയതികളിൽ നടക്കും. സഹകരണസംഗമം വെള്ളിയാഴ്ച രാവിലെ മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകിട്ട് 4.30ന് നടക്കുന്ന വാർഷിക സമ്മേളനം ധനമന്ത്രി കെഎൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽവെച്ച് ബെസ്റ്റ് ഡോക്ടർ, നഴ്സ് അവാർഡ് മന്ത്രി ജെ ചിഞ്ചുറാണി സമ്മാനിക്കുമെന്ന് ആശുപത്രി പ്രസിഡന്‍റ് പി രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
800 കിടക്കകളുള്ള ആശുപത്രിയായി മാറുന്നു
രോഗികൾക്കായി കൂടുതൽ സേവനങ്ങളും സൌകര്യങ്ങളും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി വലിയ രീതിയിലുള്ള വികസനപ്രവർത്തനങ്ങളാണ് ആശുപത്രിയിൽ നടക്കുന്നത്. നിലവിൽ 500 കിടക്കകളുള്ള ആശുപത്രി വൈകാതെ 800 കിടക്കകളുള്ള ആശുപത്രിയായി മാറും. ഐസിയു സംവിധാനങ്ങളോട് കൂടി 300 കിടക്കകളുള്ള ബ്ലോക്കിന്‍റെ നിർമാണം ഉടൻ ആരംഭിക്കും. സംസ്ഥാനത്തെ പ്രധാന മെഡിക്കൽ ഹബാക്കി മാറ്റുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ ദിനംപ്രതി രണ്ടായിരത്തിലേറെ പേരാണ് എൻഎസ് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്.
പാവപ്പെട്ട ജനവിഭാഗങ്ങൾക്കുകൂടി മെച്ചപ്പെട്ട ചികിത്സാസംവിധാനം ഉറപ്പാക്കാനും, കൊല്ലത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചികിത്സാച്ചെലവ് നിയന്ത്രിക്കാനും എൻഎസ് ആശുപത്രിക്ക് കഴിഞ്ഞു. മറ്റ് ആശുപത്രികളെ അപേക്ഷിച്ച് 30-40 ശതമാനം കുറഞ്ഞ ചികിത്സാനിരക്കാണ് എൻഎസ് ആശുപത്രിയിൽ ഈടാക്കുന്നത്. മരുന്നിന് 10 മുതൽ 60 ശതമാനം വരെ വിലക്കിഴിവും ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് കിടത്തിച്ചികിത്സാ ചെലവിൽ 30 ശതമാനം വരെ ഇളവും നൽകിവരുന്നു.
സംഘത്തിന്റെ ഓഹരി ഉടമകൾക്ക് ലാഭവിഹിതവും ഓഹരിത്തുകയ്ക്ക് ആനുപാതികമായി ഒപിയിലും ഐപിയിലും സൗജന്യ ചികിത്സാ ആനുകൂല്യവും വർഷംതോറും സൗജന്യ എക്സിക്യൂട്ടീവ് ഹെൽത്ത് ചെക്കപ്പും നൽകിവരുന്നു. പതിനായിരത്തോളം ഓഹരി ഉടമകളിൽനിന്നും സമാഹരിച്ച 140 കോടി രൂപയാണ് സംഘത്തിന്റെ ഓഹരി മൂലധനം. ജില്ലയിലെ 100 സഹകരണ സ്ഥാപനങ്ങൾക്ക് സംഘത്തിൽ ഓഹരിയുണ്ട്.
പ്രവർത്തനമികവിന് 2021 ലെ എൻസിഡിസിയുടെ ദേശീയ പുരസ്കാരം നേടിയ ആശുപത്രി തുടർച്ചയായി അഞ്ചുവർഷം സംസ്ഥാന അവാർഡും കരസ്ഥമാക്കി. സഹകരണ മേഖലയിലെ സമഗ്രസംഭാവനയ്ക്ക് 2022ലെ മി നിസ്റ്റേഴ്സ‌് പുരസ്കാരവും ആശുപത്രി സംഘം പ്രസിഡന്‍റ് പി രാജേന്ദ്രന് ലഭിച്ചു.
കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്‍റെ ഉടമസ്ഥതയിൽ 2006 ഫെബ്രുവരി 17ന് 60 കിടക്കകളും 80 ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ച ആശുപത്രി ഇന്ന് 500 കിടക്കകളും അനുബന്ധ സൗകര്യങ്ങളുമുള്ള മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി വളർന്നു. 150 ഡോക്ടർമാർ ഉൾപ്പെടെ 1000 ജീവനക്കാർ ജോലിചെയ്യുന്നു. എൻ എസ് സഹകരണ ആശുപത്രിക്കു പുറമേ 120 കിടക്കകളുള്ള ആയുർവേദ ആശുപത്രി, നഴ്‌സിങ് കോളേജ്, അഞ്ച് മെഡിക്കൽ ബിരുദാനന്തര കോഴ്സുകളുമായി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്, മരുന്ന് മൊത്തവിതരണ കേന്ദ്രമായ ഡ്രഗ്‌സ് ആൻഡ് സർജിക്കൽസ് എന്നീ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.
ശൂരനാട് പതാരം ജങ്ഷനിൽ എൻ എസ് റൂറൽ ഹെൽത്ത് സെന്റർ, അയത്തിൽ ജങ്ഷനിൽ എൻ എസ് ഡയഗ്നോസ്റ്റിക് സെന്റർ, മെഡിലാന്റിൽ എൻ എസ് ജെറിയാട്രിക് സെൻ്റർ എന്നിവ ഉടൻ പ്രവർത്തനം ആരം ഭിക്കും. മെഡിലാന്റ് ക്യാമ്പസിൽ കാൻസർ സെന്റർ നിർമാണത്തിലാണ്. എല്ലാ മെഡിക്കൽ അനുബന്ധ കോഴ്സുകൾ അടങ്ങുന്ന പാരാമെഡിക്കൽ അക്കാദമിയും ഉടൻ പ്രവർത്തനം ആരംഭിക്കും. സഹകരണ മേഖലയിൽ ഇന്ത്യയിലെ ആദ്യ ഹെൽത്ത് സിറ്റി എന്ന ആശയമാണ് ആശുപത്രി സംഘം ഇതിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ആശുപത്രി ക്യാമ്പസിൽ മാതൃശിശു പരിചരണത്തിന് മാത്രമായി 40,000 ചതുരശ്രയടി വിസ്തീർണത്തിൽ മദർ ആൻഡ് ചൈൽഡ് ബ്ലോക്കിന്റെ നിർമാണം പൂർത്തീകരണത്തിലാണ്. നിലവിൽ 36 ചി കിത്സാ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. 200 കോടി രൂപയാണ് വാർഷിക ടേൺഓവർ. ആശുപത്രി വൈസ് പ്രസിഡന്‍റ് എ മാധവൻപിള്ള, ഭരണസമിതി അംഗങ്ങളായ അഡ്വ പി കെ ഷിബു. എൻ ഓമനക്കുട്ടൻ, സെക്രട്ടറി പി ഷിബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.