Last Updated on February 12, 2025
സൗന്ദര്യ വർധക ഉൽപന്നങ്ങൾക്കായി എത്ര പണം ചിലവാക്കാനും ആളുകൾക്ക് മടിയില്ല. എന്നാൽ ഈ രംഗത്ത് വ്യാജൻമാരുടെ വിളയാട്ടം കൂടുതലാണ്. കുറഞ്ഞ കാശിന് ഗുണനിലവാരമില്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായ നിരവധി ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. പ്രത്യേകിച്ചും ഓൺലൈനിൽ ഉൾപ്പടെ ഇത്തരം വ്യാജ ഉൽപന്നങ്ങൾ സുലഭമാണ്.
ഈ സാഹചര്യത്തിൽ കോസ്മെറ്റിക് വിപണിയിലെ വ്യാജ ഉൽപന്നങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടിയുമായി രംഗത്തെത്തിയിരുന്നു. ഇതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പിൻറെ നേതൃത്വത്തിൽ ഓപ്പറേഷൻ സൗന്ദര്യ എന്ന പേരിൽ പ്രത്യേക ദൌത്യവും സർക്കാർ നടപ്പാക്കി വരുന്നു. ഓപ്പറേഷൻ സൗന്ദര്യ ആദ്യ രണ്ടു ഘട്ടങ്ങളിലായി ഏഴ് ലക്ഷം രൂപയുടെ വ്യാജ ഉൽപന്നങ്ങളാണ് സംസ്ഥാനത്തുനിന്ന് പിടിച്ചെടുത്തത്. സംസ്ഥാനത്തെ 33 സ്ഥാപനങ്ങൾക്കെതിരെ കേസും എടുത്തിരുന്നു.
ഇപ്പോഴിതാ, ഓപ്പറേഷൻ സൗന്ദര്യയുടെ മൂന്നാം ഘട്ടം കഴിഞ്ഞ ദിവസം ആരംഭിച്ചു. വ്യാജ ഉൽപന്നങ്ങൾ ഇപ്പോഴും സുലഭമാണെന്നാണ് ഈ പരിശോധനയും തെളിയിക്കുന്നത്. ആദ്യ ദിവസങ്ങളിൽ 101 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ ഒന്നര ലക്ഷം രൂപയുടെ വ്യാജ ഉൽപന്നങ്ങളാണ് കണ്ടെത്തിയത്. 12 സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ലിപ്സ്റ്റിക്ക്, ഫേസ് ക്രീം, ബേബി പൌഡർ, ബേബി സോപ്പ്, ബേബി ഓയിൽ എന്നിവയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കിയത്. 59 ഉൽപന്നങ്ങൾ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവയുടെ ഫലം വരുന്നതിന് അനുസരിച്ച് കർശനമായ നടപടികൾ സ്വീകരിക്കുമെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറയുന്നത്.
ഇതുവരെ ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്ത് വിറ്റഴിക്കുന്ന കോസ്മെറ്റിക് ഉൽപന്നങ്ങളിൽ ചിലതിൽ മാരകമായ രാസവസ്തുക്കൾ അമിതമായ അളവിൽ ചേർത്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഏറെ അപകടകരമായ വൃക്കരോഗങ്ങൾക്കും ചർമ്മത്തിൽ ഉൾപ്പടെയുള്ള ക്യാൻസറുകൾക്കും ഈ ഉൽപന്നങ്ങൾ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഓപ്പറേഷൻ സൗന്ദര്യ ആദ്യ ഘട്ട പരിശോധനകളിൽ ലിപ്സ്റ്റിക്ക്, ഫേസ് ക്രീം എന്നിവയിൽ മാരകമായ അളവിൽ മെർക്കുറി ചേർത്തിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ഇത്തരം ഉൽപന്നങ്ങളുടെ ഉപയോഗം വൃക്ക ഉൾപ്പടെയുള്ള ആന്തരികാവയവങ്ങളെ സാരമായി ബാധിക്കുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് മലപ്പുറം, കാസർഗോഡ് ജില്ലകളിൽ വ്യാപകമായി വിറ്റഴിച്ചിരുന്ന ഫേസ്ക്രീം ഉപയോഗിച്ചവരുടെ വൃക്കകൾ തകരാറിലാകുന്നതായി കണ്ടെത്തലുണ്ടായിരുന്നു. ഇതേ ആരോഗ്യപ്രശ്നവുമായി കൂടുതൽ പേർ ചികിത്സ തേടി കോട്ടക്കലിലെ മിംസ് ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് അവിടുത്തെ ഡോക്ടർമാർ നടത്തിയ അന്വേഷണത്തിലാണ് മാരക രാസവസ്തുക്കൾ അടങ്ങിയ ഫേസ്ക്രീം ആണ് വൃക്കരോഗത്തിന് ഇടയാക്കിയതെന്ന് വ്യക്തമായത്.
സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നവർ വ്യാജ ഉൽപന്നങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ശ്രമിക്കണമെന്നാണ് അധികൃതരും ത്വക്ക് രോഗവിദഗ്ദരായ ഡോക്ടർമാരും നൽകുന്ന മുന്നറിയിപ്പ്. ഉൽപന്നങ്ങൾ വാങ്ങുമ്പോൾ, ലേബലിൽ നിർമാതാവിൻറെ മേൽവിലാസം, ലൈസൻസ് നമ്പർ, ഗുണനിലവാര സർട്ടിഫിക്കറ്റ് വിശദാംശങ്ങൾ എന്നിവ ഉണ്ടോയെന്ന കാര്യം കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തണം. ഉൽപന്നം വ്യാജമാണെന്ന് വ്യക്തമാകുകയോ ഉപയോഗിച്ച ശേഷം എന്തെങ്കിലും പരാതിയുള്ളവർ ഡ്രഗ്സ് കൺട്രോൾ വകുപ്പിൻറെ ട്രോൾ ഫീ നമ്പരായ 18004253-ൽ അറിയിക്കണം.
Also Read | കോസ്മെറ്റിക് സർജറി; ഈ രാജ്യങ്ങളാണ് മുന്നിൽ