പുകവലി നിർത്തണോ? ഈ സ്മാർട്ട് നെക്ലേസ് സഹായിച്ചേക്കും

ലോകത്ത് ഓരോ വർഷവും എട്ട് ദശലക്ഷത്തിലധികം മരണങ്ങൾ പുകവലി മൂലമാണ് സംഭവിക്കുന്നത്. പുകവലി ക്യാൻസർ, ഹൃദ്രോഗം, ഗുരുതരമായ ശ്വാസകോശരോഗം എന്നിവയ്ക്ക് കാരണമാകുന്നു. സിഗരറ്റ്, ബീഡി തുടങ്ങിയ പുകയില ഉൽപന്നങ്ങൾ വലിക്കുന്ന 15 വയസും അതിൽ കൂടുതലുമുള്ള പത്ത് കോടിയോളം ആളുകളെങ്കിലും നമ്മുടെ രാജ്യത്തുണ്ട്.

ഇപ്പോഴിതാ, പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്കായി ഒരു സ്മാർട്ട് ഡിവൈസ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. കഴുത്തിൽ ധരിക്കാവുന്ന ഒരു സ്മാർട്ട് നെക്ലേസാണ് പുകവലി ഉപേക്ഷിക്കാൻ സഹായിക്കാനായി നോർത്ത് വെസ്റ്റേൺ മെഡിസിനിലെ ഗവേഷകർ വികസിപ്പിച്ചെടുത്തത്. സ്‌മോക്‌മോൺ എന്ന് പേരിട്ടിരിക്കുന്ന സ്‌മാർട്ട് നെക്ലേസ് ഒരു ലാപിസ് ബ്ലൂ പെൻഡന്റ് പോലെയാണ്. അത് ഉപയോഗിക്കുന്നവരുടെ പുകവലി എത്രത്തോളമുണ്ടെന്നും അവരവരുടെ ആരോഗ്യത്തെ പുകവലി എങ്ങനെ ബാധിക്കുന്നുവെന്നും കണ്ടെത്തി മുന്നറിയിപ്പ് നൽകുകയാണ് ചെയ്യുന്നത്.

നെക്ലേസിന് തെർമൽ സെൻസറുകളിൽ നിന്ന് ഹീറ്റ് സിഗ്നേച്ചറുകൾ പിടിച്ചെടുക്കാനും സിഗരറ്റ് കത്തിക്കുന്നത് എപ്പോൾ, വ്യക്തി അത് വായിൽ പിടിച്ച് ഒരു പഫ് എടുക്കുമ്പോൾ അവർ എത്ര ശ്വസിക്കുന്നു, എത്ര സമയം ശ്വസിക്കുന്നു തുടങ്ങിയ ഡാറ്റ റെക്കോർഡ് ചെയ്യുന്നു.

സ്മോക്കിംഗ് ടോപ്പോഗ്രഫി എന്നറിയപ്പെടുന്ന ഡാറ്റ, പുകവലി ഉപേക്ഷിച്ച് വീണ്ടും ആസക്തിയിലേക്ക് വീഴുന്ന ആളുകളെ നിയന്ത്രിക്കാൻ ഉപയോഗിക്കാം. പുകവലിക്കാരുടെ സ്വകാര്യത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉപകരണം ശേഖരിക്കുന്ന ഡാറ്റ, പുകവലിക്കാർക്കിടയിലെ ഹാനികരമായ കാർബൺ മോണോക്സൈഡ് എക്സ്പോഷർ അളക്കാനും വിലയിരുത്താനും, കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ രോഗങ്ങൾ എന്നിവയുൾപ്പെടെയുള്ള പുകയിലയുമായി ബന്ധപ്പെട്ട രോഗങ്ങളും രാസവസ്തുക്കളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ശാസ്ത്രജ്ഞരെ അനുവദിക്കുന്നു.

ഈ ഉപകരണത്തിൻറെ പരീക്ഷണം ഇതിനോടകം പഠനസംഘം നടത്തിക്കഴിഞ്ഞു. ഇതിൽനിന്നുള്ള ഡാറ്റയും അതിനെ അടിസ്ഥാനമാക്കിയുള്ള പഠനറിപ്പോർട്ടും പ്രസിദ്ധീകരിച്ചുകഴിഞ്ഞു.