കൊല്ലം നെടുൺകാവ് ക്ഷേത്രത്തിൽ നിലവറ കണ്ടെത്തി; തൂക്കുവിളക്കും ചെമ്പും വാർപ്പും

Last Updated on July 24, 2023

കൊല്ലം: കൊട്ടാരക്കരയ്ക്ക് അടുത്ത് നെടുമൺകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പുരാതന നിലവറ കണ്ടെത്തി. പുതുക്കി പണിയുന്നതിനായി ചുറ്റമ്പലം പൊളിക്കുമ്പോഴാണ് നിലവറ കണ്ടെത്തിയത്. ഏകദേശം 12 അടി നീളവും ആറ് അടി ഉയരവുമുള്ള നിലവറയാണ് നെടുമൺകാവ് ക്ഷേത്രത്തിൽ കണ്ടെത്തിയത്.

മണ്ണുമാന്തി യന്ത്രം കൊണ്ട് പഴയ ചുറ്റമ്പലത്തിൻറെ കല്ല് ഇളക്കുമ്പോഴാണ് നിലവറ ജെസിബി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുന്നത്. വിവരം ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും ചെയ്തു. ഇതോടെ ക്ഷേത്രഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നിലവറ തുറക്കുകയായിരുന്നു.

നിലവറയിൽ പുരാതനമായ തൂക്കുവിളക്ക്, ചെമ്പ്, വാർപ്പ്, പഴയ വിളക്കുകൾ, പാത്രങ്ങൾ എന്നിവ ഉണ്ടായിരുന്നു. നെടുമൺകാവ് ക്ഷേത്രത്തിൽ നിലവറ കണ്ടെത്തിയ വിവരം അറിഞ്ഞ് നിരവധി ആളുകൾ ക്ഷേത്രത്തിൽ എത്തിക്കൊണ്ടിരിക്കുകയാണ്.

റെവന്യൂ വകുപ്പ് അധികൃതരും, ആർക്കിയോളജി വിഭാഗം ഉദ്യോഗസ്ഥരും അടുത്തദിവസങ്ങളിൽ ക്ഷേത്രം സന്ദർശിച്ച് നിലവറയിൽ പരിശോധന നടത്തും.