എറണാകുളം ജനറലാശുപത്രിയിൽ ക്യാൻസർ ചികിത്സയ്ക്ക് അത്യാധുനിക സൗകര്യങ്ങളോടെ പ്രത്യേക ബ്ലോക്ക്

കൊച്ചി: എറണാകുളം ജനറലാശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പുതിയ കാന്‍സര്‍ സെന്റർ ഉദ്ഘാടനത്തിന് സജ്ജമായി. 25 കോടി രൂപ മുതൽമുടക്കിൽ ആറു നിലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാൻസർ സെന്റർ ഒക്ടോബർ 2 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സാധ്യതകൾ ചുരുങ്ങിയ ചെലവിൽ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് പുതിയ കാന്‍സര്‍ സെന്ററിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. 

നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുതിയ കാൻസർ സെന്ററിനുണ്ട്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡാണ് നിർമ്മാണത്തിന് നേതൃത്വം നല്‍കിയത്. ഔട്ട് പേഷ്യന്റ് യൂണിറ്റ്, കീമോതെറാപ്പി വാർഡ്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ വാർഡുകൾ, കാൻസർ ജനറൽ ഐ സി യു, കീമോതെറാപ്പിക്ക് വിധേയമാകുന്ന രോഗികൾക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റിലെ അളവുകുറഞ്ഞാൽ അടിയന്തിര ചികിത്സ നൽകുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐ സി യു എന്നിവ പുതിയ ബ്ലോക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. 

കൂടാതെ ഓരോ നിലകളിലായി നഴ്സിംഗ് സ്റ്റേഷനുകളും ഡോക്ടർമാരുടെ പ്രത്യേക മുറികളും രോഗികൾക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്നാണ് ഇവിടെ  ചികിത്സക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയത്. 

ഈ കാൻസർ സെന്റർ യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആരോഗ്യവും ക്ഷേമവും നിറഞ്ഞ കൂടുതൽ മെച്ചപ്പെട്ട നാടായി കേരളത്തെ മാറ്റിത്തീർക്കാൻ സർവ്വതലസ്പർശിയായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. എറണാകുളത്ത് നിലവിൽ വരുന്ന കാൻസർ സെന്റർ ഈ ദിശയിലുള്ള വലിയ ചുവടുവെപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.