വന്ധ്യതാ ചികിത്സ തേടുന്ന സ്ത്രീകളിൽ പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം

വധ്യതാ ചികിത്സ തേടുന്ന സ്ത്രീകളിൽ മറ്റുള്ളവരെ അപേക്ഷിച്ച് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. 31 ദശലക്ഷം ഗർഭിണികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ന്യൂ ജേഴ്സിയിലെ റട്ട്ഗേർസ് റോബർട്ട് വുഡ് ജോൺസൺ മെഡിക്കൽ സ്കൂളാണ് പഠനം നടത്തിയത്. വന്ധ്യതാ ചികിത്സയിലൂടെ ഗർഭം ധരിച്ച് സ്ത്രീകളിൽ പ്രസവം കഴിഞ്ഞ് ഒരു വർഷത്തിനകം പക്ഷാഘാതം വരാനുള്ള സാധ്യത മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി.

വന്ധ്യതാ ചികിത്സ തേടിയ സ്ത്രീകൾ പ്രസവശേഷം ഒരു വർഷത്തിനകം പക്ഷാഘാതത്തെ തുടർന്ന് ചികിത്സ തേടുന്നതിൽ 66 ശതമാനം വർദ്ധനവുണ്ടായതായി പഠനത്തിൽ കണ്ടെത്തി. ജീവൻ അപകടത്തിലാക്കുന്ന ഹെമറാജിക് സ്ട്രോക്കിനുള്ള സാധ്യത ഫെർട്ടിലിറ്റി ചികിത്സയ്ക്ക് വിധേയരായ സ്ത്രീകളിൽ, അല്ലാത്തവരെ അപേക്ഷിച്ച് രണ്ട് മടങ്ങ് കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. അതേസമയം സ്വാഭാവികമായി ഗർഭം ധരിച്ച സ്ത്രീകളെ അപേക്ഷിച്ച് ചികിത്സയിലൂടെ ഗർഭിണികളായ സ്ത്രീകളിൽ ഇസ്കെമിക് സ്ട്രോക്കിന്റെ സാധ്യത 55 ശതമാനം കൂടുതലാണ്.

വന്ധ്യതാ ചികിത്സകൾക്ക് ശാരീരിക മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. രോഗികൾക്ക് പലപ്പോഴും വലിയ അളവിൽ ഈസ്ട്രജൻ നൽകുന്നു. ഇത് രക്തം കട്ടപിടിക്കുന്നതിലേക്ക് നയിച്ചേക്കാം, ഇത് സ്ട്രോക്കിനുള്ള ശക്തമായ അപകട ഘടകമാണെന്ന് ഗവേഷകർ സൂചിപ്പിച്ചു. വികസിത രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന മാതൃമരണ നിരക്ക് അമേരിക്കയിലാണ്. ഗർഭധാരണവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 7.5 ശതമാനവും സ്ട്രോക്കുകളാണ്.

വന്ധ്യതാ ചികിത്സകൾ പൊതുവെ സുരക്ഷിതമാണെങ്കിലും, ഗർഭകാലത്ത് ഉയർന്ന അപകടസാധ്യതകളുണ്ടാകുന്നതിനെക്കുറിച്ച് ചില പഠനങ്ങൾ നടന്നിട്ടുണ്ട്. പ്രസവശേഷം സ്ത്രീകൾക്കിടയിൽ സ്ട്രോക്ക് വളരെ അപൂർവ്വമാണ്. വന്ധ്യതാ ചികിത്സ തേടുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് സാധ്യത കൂടുതലാണെന്ന് മാത്രം. ഇത് പേടിക്കേണ്ട കാര്യമല്ല, ഒരു മുൻകരുതലെടുക്കാൻ ശ്രദ്ധിക്കണെമെന്ന് മാത്രം.

Also Read: സ്ട്രോക്ക്; ശരീരം കാണിക്കുന്ന മുൻ‌കൂർ ലക്ഷണങ്ങൾ എന്തൊക്കെ?

പുകവലി, ബോഡി മാസ് ഇൻഡക്സ്, ഹൈപ്പർടെൻഷൻ തുടങ്ങിയ സ്ട്രോക്കിനുള്ള പ്രധാന അപകട ഘടകങ്ങളെക്കുറിച്ചുള്ള ഡാറ്റ പുതിയ ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

Content Summary: A new study finds that women who receive fertility treatment are more likely to have a stroke than others. This was found in a study of 31 million pregnant women. The study was conducted by Rutgers Robert Wood Johnson Medical School in New Jersey. The study found that women who became pregnant through infertility treatment were more likely to have a stroke within a year of giving birth than women who conceived naturally.