ലോകത്ത് ആദ്യമായി ഗർഭസ്ഥശിശുവിന് തലച്ചോറിൽ വിജയകരമായ ശസ്ത്രക്രിയ നടത്തി അമേരിക്കയിലെ ഡോക്ടർമാർ. ബോസ്റ്റണിലെ ഒരു കൂട്ടം ഡോക്ടർമാരുടെ സംഘമാണ് ഗേലൻ മാൽഫോർമേഷൻ (VOGM) എന്നറിയപ്പെടുന്ന ഒരു അപൂർവ അവസ്ഥ ബാധിച്ച ഗർഭസ്ഥശിശുവിന് മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയത്. സ്ട്രോക്ക് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടനുസരിച്ച്, ഗവേഷകർ ഗർഭാശയത്തിലുള്ള ശിശുവിന് ശസ്ത്രക്രിയ വിജയകരമായി നടത്തി. അത്യന്തം മാരകമായ ആരോഗ്യപ്രശ്നത്തെ മറികടക്കാനായിരുന്നു ഈ സങ്കീർണ ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടർമാർ പറയുന്നു.
34-ാമത്തെ ആഴ്ചയിൽ നടത്തിയ അൾട്രാസൗണ്ട് സ്കാനിങ്ങിലാണ് ഡോക്ടർമാർ ഗർഭസ്ഥശിശുവിന്‍റെ തലച്ചോറിനുള്ളിൽ അപൂർവമായി രക്തക്കുഴലിനെ ബാധിക്കുന്ന ഗേലൻ മാൽഫോർമേഷൻ ഉണ്ടെന്ന് കണ്ടെത്തിയത്. ഗർഭസ്ഥശിശുവിന് സാധാരണ വളർച്ചയ്ക്കുവേണ്ടി ബോസ്റ്റൺ ചിൽഡ്രൻസിലെയും ബ്രിഗാം, വിമൻസ് ഹോസ്പിറ്റലിലെയും ഒരു സംഘം ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അതി സങ്കീർണമായ ഈ ശസ്ത്രക്രിയയിലൂടെ ഗർഭപാത്രത്തിൽ ആയിരിക്കുമ്പോൾ തന്നെ കുഞ്ഞിന്റെ വൈകല്യം പരിഹരിക്കാൻ കഴിഞ്ഞതായി ഡോക്ടർമാർ പറഞ്ഞു.
ഏറ്റവും അസാധാരണമായ മസ്തിഷ്ക വൈകല്യമായ ഗേലൻ മാൽഫോർമേഷൻ, ലോകത്ത് ജനിക്കുന്ന ഓരോ 60,000 കുഞ്ഞുങ്ങളിൽ ഒരാൾക്ക് സംഭവിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഗേലൻ മാൽഫോർമേഷൻ എന്നത് തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴലിൽ സംഭവിക്കുന്ന അസാധാരണമായ ആരോഗ്യപ്രശ്നമാണ്. പ്രസവത്തിനു മുമ്പാണ് ഇത് ഉണ്ടാകുന്നത്. ഗേലൻ, ശരിയായി വികസിക്കാത്തതാണ് പ്രശ്നം. അമിതമായ അളവിലുള്ള രക്തം സിരകളിലും ഹൃദയത്തിലും സമ്മർദ്ദം ചെലുത്തുന്നു, ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
രോഗത്തിന് കൃത്യമായ കാരണങ്ങളൊന്നുമില്ലെന്നും, ഇത് ജനിതകശാസ്ത്രത്തിന്റെ ഫലമോ ജീൻ ഡിസോർഡർ മൂലമോ ആണെന്നാണ് ഡോക്ടർമാർ കരുതുന്നത്. നവജാതശിശുക്കളിൽ തലവേദന മുതൽ സബ്അരക്നോയിഡ് രക്തസ്രാവം വരെ ഈ അസുഖത്തിന്‍റെ ലക്ഷണങ്ങളാണ്. ഈ ആരോഗ്യപ്രശ്നം രൂക്ഷമായാൽ ഗുരുതരമായ ഹൃദ്രോഗത്തിലേക്ക് കാര്യങ്ങളെ എത്തിക്കും.
Content Summary: Successful brain surgery within the womb – First-ever in the world