Last Updated on July 25, 2023
ലണ്ടൻ: പല്ലുവേദനയുമായി ആശുപത്രിയിലെത്തിയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയായ മെറീന ജോസഫ്(45) ആണ് മരിച്ചത്. ജോലിക്കിടെ അതിശക്തമായ പല്ല് വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു മെറീന.
ബ്ലാക്ക് പുൾ ജിപിയിൽ ചികിത്സയിലിരിക്കെയാണ് മെറീന കുഴഞ്ഞുവീണത്. ഇതോടെ പ്രസ്റ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മെറീനയ്ക്ക് ഹൃദയാഘാതമുണ്ടായതായി സ്ഥിരീകരിച്ചു. ഡോക്ടർമാർ ബൈപ്പാസ് ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് മെറീന ഇന്നലെ രാത്രി എട്ട് മണിയോടെ മരിച്ചത്.
ഒരു വർഷം മുമ്പാണ് മെറീന സീനിയർ കെയർ വിസയിൽ യുകെയിൽ എത്തുന്നത്. ബ്ലാക്ക് പൂളിലായിരുന്നു മെറീനയക്ക് ജോലി. ഇവിടെ സഹോദരി എൽസമ്മ സ്റ്റീഫനൊപ്പമാണ് മെറീന താമസിച്ചുരുന്നത്. മെറീനയ്ക്ക് പതിനെട്ടും പതിനഞ്ചും വയസുള്ള രണ്ടു പെൺമക്കളുണ്ട്.
ആലപ്പുഴ കണ്ണങ്കര എറനാട്ടുകളത്തിൽ കുടുംബാംഗമാണ്. മെറീനയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മലയാളി സംഘടനാ ഭാരവാഹികൾ ഉൾപ്പടെ രംഗത്തുണ്ട്. ആലപ്പുഴ കണ്ണങ്കര സെൻറ് ഫ്രാൻസിസ് സേവ്യേഴ്സ് കത്തോലിക്ക പള്ളി ഇടവകാംഗമാണ് മെറീന.
Content Summary: UK Malayali dies after seeking treatment for toothache