രാജ്യത്ത് കോവിഡ് കേസുകൾ നാൾക്കുനാൾ കൂടിവരികയാണ്. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 115 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 7.45 ആയി ഉയർന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ ഉത്തർപ്രദേശിൽ കോവിഡ് കേസുകൾ മൂന്നിരട്ടിയായി വർദ്ധിച്ചു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ കൂടുതലായി വർദ്ധിച്ച ജില്ലകളുടെ എണ്ണം 32 ആയി ഉയർന്നിട്ടുണ്ട്.
ഇപ്പോൾ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം നോവെൽ കൊറോണ വൈറസിൻറെ XBB.1.16 എന്ന വകഭേദമാണെന്നാണ് വിദഗ്ദർ പറയുന്നത്. കോവിഡിൻറെ XBB.1.15 എന്ന വകഭേദത്തെ അപേക്ഷിച്ച് XBB.1.16 എന്ന പുതിയ വകഭേദത്തിന് വ്യാപനശേഷി 140 ശതമാനം കൂടുതലാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
മറ്റ് രാജ്യങ്ങളിൽ രൂക്ഷമായ കോവിഡിൻറെ മറ്റ് വകഭേദങ്ങളായ BA.2.75, BA.5, BQ, XBB.1.5 എന്നിവ ഇന്ത്യയിൽ കാര്യമായ രീതിയിൽ വ്യാപിച്ചിരുന്നില്ല. എന്നാൽ ഇവയെ അപേക്ഷിച്ച് XBB.1.16ന് വ്യാപനശേഷി കൂടുതലാണ്.
XBB.1.16 എന്ന കോവിഡ് വകഭേദത്തിന് കഴിഞ്ഞ വർഷം ജനുവരിയ്ക്കും മാർച്ചിനും ഇടയിൽ ഇന്ത്യയിലുണ്ടായ മൂന്നാം കോവിഡ് തരംഗത്തിന് സമാനമായ ലക്ഷണങ്ങളാണുള്ളത്. അവയിൽ പ്രധാനം പനി, തൊണ്ടവേദന, ജലദോഷം, തലവേദന, ശരീരംവേദന, ക്ഷീണം എന്നിവയാണ്. ഇതിന് പുറമെ ദഹനപ്രശ്നങ്ങളും അനുഭവപ്പെടാം.
എന്നാൽ കോവിഡ് ലക്ഷണങ്ങൾ രൂക്ഷമാകുമെങ്കിലും ആശുപത്രിവാസം താരതമ്യേന കുറവായിരിക്കുമെന്നത്, പുതിയ കോവിഡ് വകഭേദത്തെ സംബന്ധിച്ച് ആശ്വാസകരമായ കാര്യമാണ്. വളരെ ചുരുങ്ങിയ ആളുകളിൽ മാത്രമാണ് രോഗം ഗുരുതരമായിട്ടുള്ളത്.
പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. കൈകൾ മുഖത്തും മൂക്കിലും കണ്ണുകളിലും സ്പർശിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിച്ചാൽ രോഗം പിടിപെടില്ലെന്നാണ് വിദഗ്ദർ നൽകുന്ന ഉപദേശം.
Content Summary: Why are Covid cases increasing so fast again in India?