അങ്ങനെ അച്ഛൻ ഗർഭം ധരിച്ചു; രാജ്യത്തെ ആദ്യ ട്രാൻസ്‌മാൻ പ്രെഗ്‌നൻസി കേരളത്തിൽ

നിമിഷംതോറും വികസിച്ചുകൊണ്ടിരിക്കുന്ന വൈദ്യശാസ്ത്രരംഗം പലപ്പോഴും മനുഷ്യനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ സ്വത്വം തിരിച്ചറിഞ്ഞ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ പുരുഷനാവുന്നതും പുരുഷൻ സ്ത്രീ ആകുന്നതും ഇന്ന് സർവസാധാരണമായി മാറിക്കഴിഞ്ഞു. കേരളത്തിലെ ട്രാൻസ് കമ്മ്യൂണിറ്റിക്ക് പുതിയൊരു ചുവടുവെയ്പ്പിന് തുടക്കമിട്ടിരിക്കുകയാണ് സഹദ് ഫാസിൽ – സിയ പവൽ ദമ്പതികൾ. കുഞ്ഞെന്ന സപ്നം മനസ്സിൽ താലോലിക്കുന്ന ട്രാൻസ് ദമ്പതിമാർക്ക് പുതുവഴി കാണിക്കുകയാണ് ഇവർ.

കുഞ്ഞ് എന്ന തന്റെ സ്വപ്നം ജീവിതപങ്കാളിയായ സഹദിലൂടെ സഫലമാകാൻ പോകുന്നതായി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സിയ പവൽ പങ്കുവെക്കുന്നു. മെറ്റേണിറ്റി ചിത്രങ്ങൾക്കൊപ്പമാണ് സ്വപ്നത്തിന് കൂടെ നിന്നവർക്ക് നന്ദി പറയുന്ന പോസ്റ്റ്. അമ്മ എന്ന വിളി കേൾക്കാൻ കാത്തിരിക്കുന്നതായി സിയ പോസ്റ്റിൽ പറയുന്നു. വേവ് മീഡിയ പ്രൊഡക്ഷനുവേണ്ടി ചന്തു മേപ്പയൂരാണ് ദമ്പതികളുടെ മെറ്റേണിറ്റി ഫോട്ടോകൾ പകർത്തിയത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാൻ അറിഞ്ഞു വളർന്ന കാലമത്രയും എന്നുള്ളിലുണ്ടായ ഒരു സ്വപ്നം ” അമ്മ”….. ?? ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മ മത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം….. ഞാൻ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്റെ ആഗ്രഹങ്ങൾ അറിയുന്നു. ആരാണെന്ന് പോലും അറിയാത്ത ഒരാൾക്ക് പേരും കണ്ടു വച്ച് കുന്നോളം സ്വപ്നങ്ങളും പേറി ഒമ്പതു മാസത്തോളം കാത്തിരിക്കുന്നതല്ലേ ഒരമ്മയുടെ പ്രതിക്ഷ…… എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേൾക്കാൻ കാത്തിരിക്കുന്നു…. കുറഞ്ഞ ദിനങ്ങൾ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ് എനിക്കും എന്റെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിത പങ്കാളിക്കും നൽകണേ നാഥാ………?
എന്റെ സ്വപ്നങ്ങൾക്കു ചിറകുവിരിച്ച് എനിക്കു കൂട്ടായത് എന്റെ ഇക്ക? @zahhad__fazil ?പിറന്ന ശരീരത്താൽ ജീവിക്കാൻ മാനസികമായ ബുദ്ധിമുട്ടുകൾക്കിടയിൽ തന്റെ ഇഷ്ടങ്ങളെ മുറുകെ പിടിച്ച് ജീവിക്കുമ്പോൾ അവന്റെ ശരീരത്തെ ആഗ്രഹങ്ങൾക്കനുസരിച്ച് മാറ്റുവാൻ ആരംഭിച്ചു…… Hormone തറാപ്പികളും Breast removal surgery യും…
കാലം ഞങ്ങളെ ഒരുമിപ്പിച്ചു.മൂന്ന് വർഷമാകുന്നു. അമ്മ എന്ന എന്നിലെ സ്വപ്നം പോല അച്ഛൻ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു. പൂർണ്ണ സമ്മതത്താൽ ഇന്ന് 8 മാസം പ്രായമുള്ള ജീവൻ തന്റെ ഉദരത്തിൽ ചലിക്കുന്നു …… ഞങ്ങളുടെ ആഗ്രഹങ്ങൾ യാഥാർത്യമാക്കാൻ ഞങ്ങളെടുത്ത തീരുമാനങ്ങൾ പിന്തുണച്ചു. ഞങ്ങൾ അറിഞ്ഞതിൽ പറഞ്ഞാൽ ഇന്ത്യയിലെ ആദ്യത്തെ TRAN’S MAN PREGNANCY…….
ഒറ്റപ്പെട്ട ജീവിതത്തിൽ കൊച്ചു കുടുംബമാകുന്ന ഞങ്ങൾക്ക് പൂർണ്ണ പിന്തുണയോടെ കുട നിന്ന എന്റെ ഇത്താക്കും അളിയനും അവന്റെ അമ്മക്കും പെങ്ങൾക്കും Drക്കും ഞങ്ങളെ ഇഷ്ടപ്പെട്ടു കൂടെ നിക്കുന്ന എല്ലാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു……???

തോമസ് ട്രേസ് ബീറ്റി എന്ന അമേരിക്കൻ ട്രാൻസ്‌മാനാണ് ലോകത്ത് ആദ്യമായി ഗർഭം ധരിച്ച പുരുഷൻ. 2007-ൽ കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് ബീറ്റി ഗർഭം ധരിക്കുന്നത്. പിന്നീട് ‘ദി പ്രെഗ്നന്റ് മാൻ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ഭാര്യ നാൻസിക്ക് ഗർഭം ധരിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ബീറ്റി ഗർഭം ധരിച്ചത്.

Summary: First transman pregnancy in India

Photo: Ziya Paval/instagram