സ്ത്രീകളിൽ വളരെ വ്യാപകമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് എൻഡോമെട്രിയോസിസ്. എൻഡോമെട്രിയൽ അറയിലെ ടിഷ്യു മയോമെട്രിയൽ ടിഷ്യുവിലേക്കോ അണ്ഡാശയത്തിലോ പെൽവിക് അറയിലോ വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഇത് ഗർഭപാത്രത്തിൻ്റെ പേശി പാളിയിലേക്ക് വളരുമ്പോൾ അതിനെ അഡെനോമിയോസിസ് എന്നും അണ്ഡാശയം, പെൽവിസ് തുടങ്ങിയ മറ്റ് ടിഷ്യൂകളിൽ വളരുമ്പോൾ അതിനെ എൻഡോമെട്രിയോസിസ് എന്നും വിളിക്കുന്നു.
എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾ അതിനെ ആർത്തവവേദനയായി തെറ്റിദ്ധരിക്കാറുണ്ട്. കാരണം ആർത്തവവേദനയ്ക്ക് സമാനമായാണ് എൻഡോമെട്രിയോസിസ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ തെറ്റായ രോഗനിർണയത്തിന് ഇത് കാരണമാകുന്നു. പലപ്പോഴും സ്ത്രീകൾക്കിടയിൽ എൻഡോമെട്രിയോസിസിനെക്കുറിച്ചുള്ള അവബോധവും ധാരണ ഇല്ലായ്മയും സാധാരണ ആർത്തവ വേദനയുടെ കഠിനമായ അവസ്ഥയായി ഇതിനെ കണക്കാക്കാൻ ഇടയാക്കുന്നു.
എൻഡോമെട്രിയോസിസും ആർത്തവ വേദനയും
എൻഡോമെട്രിയോസിസ് നേരത്തേ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും സ്ത്രീകൾ തന്നെ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. എൻഡോമെട്രിയോസിസ് യഥാസമയം ചികിത്സിക്കുന്നതിന് ആർത്തവ വേദനയുമായി ഇതിനുള്ള വ്യത്യാസങ്ങൾ വേർതിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
ചികിത്സ
എൻഡോമെട്രിയോസിസിനുള്ള ചികിത്സയിൽ ഏറ്റവും പ്രധാനം ഹോർമോൺ തെറാപ്പി ആണ്. ഇത് ശരീരത്തിലെ ഈസ്ട്രജൻ്റെ അളവ് കുറയ്ക്കുകയും തുടർന്ന് ഗർഭാശയത്തിന് പുറത്തുള്ള എൻഡോമെട്രിയൽ ടിഷ്യുവിൻ്റെ വളർച്ച കുറയ്ക്കുകയും ചെയ്യുന്നു. പെൽവിക് വേദന, കനത്ത ആർത്തവ രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാനും ഹോർമോൺ തെറാപ്പി സഹായിക്കും. എന്നാൽ, ഹോർമോൺ തെറാപ്പി എല്ലാ വ്യക്തികൾക്കും അനുയോജ്യമാകണമെന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. വിദഗ്ദരായ ഡോക്ടർ ശരിയായ രോഗനിർണയത്തിലൂടെ അനുയോജ്യമായ ചികിത്സ നിർദേശിക്കും.
എൻഡോമെട്രിയോസിസ് രൂക്ഷമായി തുടരുന്നവരിൽ ലാപ്രോസ്കോപ്പിക് സർജറി പോലുള്ള ശസ്ത്രക്രിയ വേണ്ടിവരും. ഇതിലൂടെ രോഗലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നതിനും വന്ധ്യതാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അസാധാരണമായ ടിഷ്യു വളർച്ചകൾ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്.
എന്നാൽ ലാപ്രോസ്കോപ്പി ചെയ്യുന്നതിന് മുമ്പ് ഡോക്ടറുമായി അതിന്‍റെ പരിണിതഫലങ്ങൾ, അപകടസാധ്യത, നേട്ടങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്തു അവബോധം നേടണം. എൻഡോമെട്രിയോസിസ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഓരോ രോഗിയുടെയും പ്രത്യേകത അനുസരിച്ചുള്ള ചികിത്സാരീതിയാണ് ഉചിതം.
Also read: ആർത്തവവേദന മാറ്റാൻ 6 വഴികൾ