മഴക്കാലത്തെ ആരോഗ്യസംരക്ഷണം ഏറെ പ്രധാനപ്പെട്ടതാണ്. ശരീരഭാരവും വണ്ണവും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മഴക്കാലത്ത് പ്രത്യേക ശ്രദ്ധ ആഹാരക്കാര്യത്തിൽ നൽകണം. കാരണം മഴക്കാലത്ത് വിശപ്പ് കൂടുതലാകുമെന്നതിനാൽ അമിതമായ അളവിൽ ഭക്ഷണം കഴിക്കാനിടയുണ്ട്. ഇത് ശരീരഭാരവും വണ്ണവും കൂടാൻ കാരണമാകും. ഈ സാഹചര്യത്തിൽ ആരോഗ്യകരമായ സൂപ്പുകൾ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. വിശപ്പ് മാറുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇവിടെയിതാ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാലുതരം സൂപ്പുകൾ
- ചോളം, ചീര സൂപ്പ്
ഏറെ ആരോഗ്യകരമാണ് ഈ സൂപ്പ്. ചോളത്തിന്റെ മാധുരവും ചീരയുടെ ആരോഗ്യഗുണവും ചേരുമ്പോൾ രുചിയും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഒരു മികച്ച സൂപ്പാണിത്. ഈ സൂപ്പ് തയ്യാറാക്കാൻ, നന്നായി അരിഞ്ഞ ഉള്ളിയും വെളുത്തുള്ളിയും നെയ്യിൽ വഴറ്റുക. ഇതിലേക്ക് ചീര ഇല, ചോളം അവിച്ച് വേവിച്ചത്, ഉപ്പ്, കുരുമുളക് എന്നിവ ചേർക്കുക. ഈ ചേരുവകൾ നല്ലതുപോലെ വെന്തുടയുന്നതുവരെ തിളപ്പിക്കുക. നന്നായി വെന്തുടഞ്ഞ് ക്രീം രൂപത്തിലാകുന്നതുവരെ ഇളക്കി കൊടുക്കുക. ഈ സൂപ്പ് ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഉത്തമമാണ്.
- ദാൽ അഥവാ പരിപ്പ് സൂപ്പ്
ഏറെ ആസ്വാദ്യകരവും പ്രോട്ടീൻ നിറഞ്ഞതുമായ ഒരു മികച്ച വിഭവമാണ് ദാൽ സൂപ്പ്. ഈ സൂപ്പ് ഉണ്ടാക്കാൻ, മഞ്ഞൾ, ജീരകം, മല്ലിയില തുടങ്ങിയ മസാലകൾ ഉപയോഗിച്ച് പയർ വേവിക്കുക. കട്ടിയുള്ള ക്രീം പരുവത്തിലെത്താൻ പയർ ഭാഗികമായി ഇളക്കുക. ഉപ്പ്, കുരുമുളക്, ഒരു ചെറുനാരങ്ങ നീര് എന്നിവ ചേർക്കുക. പ്രോട്ടീൻ സമ്പുഷ്ടമായ ഈ സൂപ്പ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, അവശ്യ പോഷകങ്ങൾ നൽകുകയും കൂടുതൽ ഉൻമേഷം നൽകുകയും ചെയ്യുന്നു.
- തക്കാളി സൂപ്പ്
മഴക്കാലത്ത് തക്കാളി സൂപ്പ് ഏറെ ഗുണകരമായ വിഭവമാണ്. ഇത് തയ്യാറാക്കാൻ അല്പം എണ്ണയിൽ ഉള്ളിയും വെളുത്തുള്ളിയും വഴറ്റിയെടുക്കുക. അരിഞ്ഞ തക്കാളി, ഉപ്പ്, കുരുമുളക് എന്നിവ ചേർക്കുക. തക്കാളി നന്നായി വെന്തുടയുന്നതുവരെ വേവിക്കുക. രുചികരമായ തക്കാളി സൂപ്പ് തയ്യാർ. തക്കാളിയിൽ കലോറി കുറവും ആന്റിഓക്‌സിഡന്റുകൾ കൂടുതലും ഉള്ളതിനാൽ ഈ സൂപ്പിനെ ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ആരോഗ്യകരമായ ഓപ്ഷനാക്കി മാറ്റുന്നു. എന്നാൽ എല്ലാ മഴക്കാലത്തെയും പോലെ ഇത്തവണയും തക്കാളിക്ക് അമിതമായ വിലയാണെന്ന കാര്യം ശ്രദ്ധിക്കണം.
- മിക്സഡ് വെജിറ്റബിൾ സൂപ്പ്
പേര് സൂചിപ്പിക്കുന്നത് പോലെ, ഈ സൂപ്പ് വിവിധ പച്ചക്കറികളുടെ മിശ്രിതമാണ്. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ അല്പം എണ്ണയിൽ വഴറ്റിയെടുക്കുക. ക്യാരറ്റ്, ബീൻസ്, കുരുമുളക്, കോളിഫ്‌ളവർ, ക്യാപ്സിക്കം തുടങ്ങിയ പലതരം പച്ചക്കറികൾ ചേർക്കുക. ഉപ്പ്, കുരുമുളക്, ഇഷ്ടമുള്ള സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർക്കുക. പച്ചക്കറികൾ നന്നായി വെന്തുടയുന്നതുവരെ ഇളക്കി തിളപ്പിക്കുകയും ചെയ്യുക. ഈ സൂപ്പ് നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും വൈവിധ്യമാർന്ന പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.
Also Read: ഈ മഴക്കാലത്ത് നെയ്യുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതിന്‍റെ 5 ഗുണങ്ങൾ
Content Summary: Special monsoon soups that help you lose weight