കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് വർഷങ്ങളായി ശാസ്ത്രജ്ഞർ ഗവേഷണം നടത്തിവരികയാണ്. കടുത്ത ചൂട് പോലെയുള്ള കാലാവസ്ഥാ മാറ്റങ്ങൾ ഒരാളുടെ വൃക്ക മുതൽ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണനിരക്ക് വർദ്ധിപ്പിക്കും. പുകമഞ്ഞ്, കാട്ടുതീ തുടങ്ങിയ കാര്യങ്ങളിൽ നിന്നുള്ള വായു മലിനീകരണം ശ്വാസകോശആരോഗ്യത്തെയും അതുവഴി ഹൃദയാരോഗ്യത്തെയും സാരമായി ബാധക്കും. കൂടാതെ കാലാവസ്ഥാമാറ്റം മാനസികആരോഗ്യത്തിനും വെല്ലുവിളി സൃഷ്ടിക്കും.
ഇപ്പോഴിതാ, കാലിഫോർണിയ സാൻ ഫ്രാൻസിസ്കോ സർവകലാശാലയിലെ (യുസിഎസ്എഫ്) ഗവേഷകർ, കാലാവസ്ഥാ വ്യതിയാനം എക്സിമ എന്നറിയപ്പെടുന്ന അറ്റോപിക് ഡെർമറ്റൈറ്റിസ് എന്ന ത്വക്ക് രോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് അലർജി ജേണലിൽ പ്രസിദ്ധീകരിച്ചു.
കാലാവസ്ഥാവ്യതിയാനവും എക്സിമയും
ഈ പഠനത്തിനായി, ഹരിതഗൃഹ വാതക ഉദ്വമനവുമായി ബന്ധപ്പെട്ട 10 കാലാവസ്ഥാ അപകടങ്ങൾ അറ്റോപിക് ഡെർമറ്റൈറ്റിസിനെ എങ്ങനെ ബാധിക്കുന്നു എന്നാണ് ഗവേഷകർ പരിശോധിച്ചത്. ഈ കാലാവസ്ഥാ അപകടങ്ങളിൽ ആഗോളതാപനം, ഉഷ്ണ തരംഗങ്ങൾ, കാട്ടുതീ, വരൾച്ച, വെള്ളപ്പൊക്കം, സമുദ്രനിരപ്പ് ഉയരൽ എന്നിവ ഉൾപ്പെടുത്തി. .
“അറ്റോപിക് ഡെർമറ്റൈറ്റിസ് പാരിസ്ഥിതിക ഘടകങ്ങളോട് പ്രത്യേകിച്ച് സെൻസിറ്റീവ് ആണെന്ന് വളരെക്കാലമായി അറിയാം, എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കാലാവസ്ഥാ അപകടങ്ങളുടെ വ്യാപനം അറ്റോപിക് ഡെർമറ്റൈറ്റിസിനെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായതും ആധികാരികവുമായ വിവരങ്ങൾ ഇല്ലായിരുന്നു”- യുസിഎസ്എഫ് സ്കൂൾ ഓഫ് മെഡിസിനിലെ ഡെർമറ്റോളജി അസോസിയേറ്റ് പ്രൊഫസറും ഈ പഠനത്തിൻ്റെ മുതിർന്ന എഴുത്തുകാരിയുമായ ഡോ. കത്രീന അബുബാര മെഡിക്കൽ ന്യൂസ് ടുഡേയോട് പറഞ്ഞു.
“അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ള പല രോഗികൾക്കും, രോഗത്തിൻറെ പ്രവചനാതീത സ്വഭാവം പ്രത്യേകിച്ചും വെല്ലുവിളി നിറഞ്ഞതാണ്,” അബുബാറ വിശദീകരിച്ചു. “കാലാവസ്ഥാ ഘടകങ്ങൾ രോഗത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കുന്നത് ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും. മാത്രമല്ല, അറ്റോപിക് ഡെർമറ്റൈറ്റിസ് വളരെ സാധാരണമായതിനാൽ, കാലാവസ്ഥാ വ്യതിയാനവും കാലാവസ്ഥാ അപകടങ്ങളും ജനസംഖ്യയിലെ രോഗ പ്രവണതകളെ എങ്ങനെ ബാധിക്കുമെന്ന് പൊതുജനാരോഗ്യ വീക്ഷണകോണിൽ നിന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
എക്സിമ കൂടാൻ കാരണം കാലാവസ്ഥാ വ്യതിയാനവും
ഈ പഠനത്തിനായി, തിരിച്ചറിഞ്ഞ 10 കാലാവസ്ഥാ അപകടങ്ങൾ എക്സിമ വർദ്ധിപ്പിക്കുന്നതിന് തെളിവ് നൽകുന്ന 18 പഠനങ്ങളിൽ നിന്നുള്ള ഡാറ്റ അബുബാറയും സംഘവും വിശകലനം ചെയ്തു. മൊത്തത്തിൽ, കാലാവസ്ഥയുമായി ബന്ധപ്പെട്ട മിക്ക അപകടങ്ങളെയും അറ്റോപിക് ഡെർമറ്റൈറ്റിസ് വർദ്ധിപ്പിക്കുന്നതിന് തെളിവുകളുണ്ടെന്ന് ഗവേഷകർ പറഞ്ഞു.
ചിലത് കാട്ടുതീയിൽ നിന്നുള്ള കണികകൾ പോലുള്ള നേരിട്ടുള്ള ഫലങ്ങളായിരുന്നു. മറ്റുള്ളവ, വരൾച്ച മൂലമുണ്ടാകുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥ, ദാരിദ്ര്യം, തുടർന്നുള്ള കുടിയേറ്റം തുടങ്ങിയ പരോക്ഷമായ പ്രത്യാഘാതങ്ങളായിരുന്നു, ഇത് പതിവ് ആരോഗ്യ സംരക്ഷണത്തെ തടസ്സപ്പെടുത്തുകയും ഒരു വ്യക്തിയുടെ എക്സിമയെ ബാധിക്കുന്ന സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും.
കാലാവസ്ഥാ അപകടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ എക്സിമയുടെ ഭൂതകാലവും വർത്തമാനവും ഭാവിയും എന്തായിരിക്കുമെന്ന വ്യക്തമായ ഭൂപടചിത്രവും ഗവേഷകർ മുന്നോട്ടുവെച്ചു. 2005-ലും 2017-ലും കാലാവസ്ഥാ അപകടങ്ങളും 2053-ലേക്കുള്ള പ്രവചനങ്ങളും ഏകോപിപ്പിച്ചുകൊണ്ടാണ് ഇതുസംബന്ധിച്ച ഭൂപട രേഖാചിത്രം തയ്യാറാക്കിയത്.
“2005-ലെയും 2017-ലെയും ഭൂപടങ്ങൾ, കാലാവസ്ഥാ അപകടങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്ന ഭൂമിശാസ്ത്രപരമായ പ്രദേശങ്ങൾ തമ്മിൽ ഓവർലാപ്പ് ഉണ്ടെന്നും അറ്റോപിക് ഡെർമറ്റൈറ്റിസിൻ്റെ വ്യാപനവും കാണിക്കുന്നു,” അബുബാര പറഞ്ഞു. “2053-ലെ പ്രവചനം, ഭാവിയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള മേഖലകളെ ചിത്രീകരിക്കാൻ ഉപയോഗിച്ചു, അത് കൂടുതൽ ഭൂമധ്യരേഖാപ്രദേശവും നിലവിലുള്ള ഗവേഷണങ്ങളിൽ ഭൂരിഭാഗവും നടന്നിട്ടുള്ള രാജ്യങ്ങളുമായി ഓവർലാപ്പ് ചെയ്യുന്നില്ല, ഭാവിയിലെ പ്രവർത്തനത്തിനുള്ള പ്രധാന മേഖലകളെ എടുത്തുകാണിക്കുന്നു.”
കാലാവസ്ഥാ വ്യതിയാനം എക്സിമ രൂക്ഷമാകാൻ ഇടയാകുമെന്ന് ഈ ഗവേഷണം അവലോകനം ചെയ്ത ശേഷം, മൗണ്ട് സിനായ് ഡെർമറ്റോളജിയിലെ അസിസ്റ്റൻ്റ് പ്രൊഫസറും കോംപ്ലക്സ് മെഡിക്കൽ ഡെർമറ്റോളജി ഡയറക്ടറും ന്യൂയോർക്കിലെ സ്കിൻ ഓഫ് കളർ സെൻ്റർ ഡയറക്ടറുമായ ഡോ. ജോർദാൻ ടാലിയ പറഞ്ഞു
“കാലാവസ്ഥാ വ്യതിയാനം അറ്റോപിക് ഡെർമറ്റൈറ്റിസിനെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചുള്ള ധാരണ വർദ്ധിപ്പിക്കുന്നത് അറ്റോപിക് ഡെർമറ്റൈറ്റിസ് വർദ്ധിപ്പിക്കുന്നതിന് ചില കാലാവസ്ഥാ ഘടകങ്ങൾ ഉണ്ടാക്കുന്ന ആഘാതം ലഘൂകരിക്കാൻ നടപടിയെടുക്കാൻ ഡോക്ടർമാരെയും രോഗികളെയും സഹായിക്കും,” ടാലിയ പറഞ്ഞു.
“അറ്റോപിക് ഡെർമറ്റൈറ്റിസ് രോഗിക്ക് മാത്രമല്ല, പലപ്പോഴും മുഴുവൻ കുടുംബത്തിനും വളരെയധികം കഷ്ടപ്പാടുകൾ ഉണ്ടാക്കുന്നു,” ചിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ഫെയിൻബർഗ് സ്കൂൾ ഓഫ് മെഡിസിനിലെ ഡെർമറ്റോളജി ആൻഡ് പീഡിയാട്രിക്സ് ക്ലിനിക്കൽ അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ. പീറ്റർ ലിയോ, വിശദീകരിച്ചു. “ഇത് സങ്കീർണ്ണവും ചർമ്മത്തിലെ തടസ്സമായ മൈക്രോബയോമും ഉൾപ്പെടുന്നു. ഇത് ചർമ്മം കുടൽ – നാഡീവ്യൂഹങ്ങൾ, രോഗപ്രതിരോധ സംവിധാനം എന്നിവയെല്ലാം ബാധിക്കുമെന്നതിനാൽ ഇതൊരു ‘ശരീരവും മനസും ഉൾപ്പെടുന്ന’ പ്രശ്നമായി മാറുന്നു. ഇത് സമ്മർദ്ദവും അസ്വസ്ഥതയും ഉണ്ടാക്കുന്നു. ”
“വർദ്ധിച്ച ചൂട്, ഈർപ്പം, കൂടുതൽ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ, കാട്ടുതീ, മലിനീകരണം – ഇവയെല്ലാം ചില വ്യക്തികളിലെങ്കിലും അറ്റോപിക് ഡെർമറ്റൈറ്റിസിനെ പ്രേരിപ്പിക്കുകയോ മോശമാക്കുകയോ ചെയ്യും,” ലിയോ കൂട്ടിച്ചേർത്തു. “അറ്റോപിക് രോഗങ്ങളുടെ വികാസവും തീവ്രതയും കുറയ്ക്കുന്നതിന് ഇത്തരം കാലാവസ്ഥാ മാറ്റങ്ങളോട് ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്.”
കാലാവസ്ഥാ അപകടങ്ങളിൽ നിന്ന് ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം?
-വർഷംതോറും ചർമ്മ പരിശോധനയ്ക്കായി ഒരു ഡെർമറ്റോളജിസ്റ്റിനെ കാണുക.
-ശൈത്യകാലത്ത് പോലും എപ്പോഴും സൺസ്ക്രീനും സൂര്യനിൽനിന്ന് സംരക്ഷണം നൽകുന്ന വസ്ത്രങ്ങളും ധരിക്കുക.
-പുറത്തേക്ക് പോകുന്നതിന് മുമ്പ് വായുവിൻറെ ഗുണനിലവാരം പരിശോധിക്കുക.
-ചർമ്മത്തെ തടസ്സപ്പെടുത്തുന്ന വായുവിലൂടെയുള്ള മലിനീകരണത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ മോയ്സ്ചറൈസറുകൾ ഉപയോഗിക്കുക.
-ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്താൻ വെള്ളംകുടിക്കുന്നത് ശീലമാക്കുക
-നന്നായി ഭക്ഷണം കഴിക്കുക, ശരിയായ ഉറക്കം വ്യായാമം എന്നിവ ഒഴിവാക്കരുത്
-മൃദുവായ ക്ലെൻസറുകൾ ഉപയോഗിച്ച് ചർമ്മം കഴുകുക.
-ചില ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലെ ചേരുവകൾ ശ്രദ്ധിക്കുക, അത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയേക്കാം
Also Read:
വെളിച്ചെണ്ണ നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യുമോ?
തിളക്കമാർന്നതും ആരോഗ്യവുമുള്ള ചർമ്മത്തിന് രാവിലെ ചെയ്യേണ്ട 3 കാര്യങ്ങൾ
Content Summary: Eczema worsens due to climate change – New study.