ഹാർട്ട് അറ്റാക്ക് തടയാൻ സഹായിക്കുന്ന 8 കാര്യങ്ങൾ

ഹൃദയത്തിലേക്കുള്ള രക്തയോട്ടം നല്ലരീതിയിൽ കുറയുകയോ ഇല്ലാതാകുകയോ ചെയ്യുമ്പോഴാണ് ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയത്തിലെ ധമനികളിൽ (കൊറോണറി) കൊഴുപ്പും കൊളസ്ട്രോളും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടുമ്പോഴാണ് ഇത്തരത്തിൽ രക്തയോട്ടം സാധാരണയായി തടസപ്പെടുന്നതെന്ന് മയോ ക്ലിനിക്ക് പറയുന്നു. “കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയ നിക്ഷേപങ്ങളെ പ്ലാക്കുകൾ അഥവാ ഫലകങ്ങൾ എന്ന് വിളിക്കുന്നു. ഫലകങ്ങൾ അടിഞ്ഞുകൂടുന്ന പ്രക്രിയ രക്തപ്രവാഹം തടസപ്പെടുത്തുന്നു”.

ഭക്ഷണക്രമം, ജീവിതശൈലി, പാരമ്പര്യം എന്നിവ ഉൾപ്പടെ ഹാർട്ട് അറ്റാക്കിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. അതുകൊണ്ടുതന്നെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഉൾപ്പടെ ഹൃദയാഘാതം തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. ഹൃദയാഘാതം പ്രതിരോധിക്കാൻ കഴിയുന്ന 8 കാര്യങ്ങളെക്കുറിച്ച് പ്രശസ്തനായ കാർഡിയോളജിസ്റ്റ് ഡോ. മൈക്ക് ഹാൻസെൻ, യൂട്യൂബ് ചാനലിലൂടെ വിശദീകരിക്കുന്നു.

  1. പുകവലി വേണ്ട

പുകവലി ഉപേക്ഷിച്ചാൽ ഹൃദയാഘാതത്തിനുള്ള സാധ്യത 65 ശതമാനം കുറയ്ക്കാമെന്നാണ് ഡോ ഹാൻസെൻ പറയുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

  1. സമ്മർദ്ദം കുറയ്ക്കുക

മാനസിക സമ്മർദ്ദം ഹൃദയാഘാതം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സമ്മർദ്ദം വർദ്ധിക്കുമ്പോൾ ബിപി കൂടുകയും ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. സമ്മർദം കുറയ്ക്കാൻ വ്യായാമം, നടത്തം, ജോഗിങ്, ട്രെക്കിങ്, ധ്യാനം, നല്ല ഉറക്കം, വായന എന്നിവ സഹായിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നതും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ ഹാൻസെൻ പറയുന്നു.

  1. വ്യായാമം മുടക്കരുത്

ഒരാൾ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്ന് ഡോ ഹാൻസെൻ പറഞ്ഞു. “രാവിലെ എഴുന്നേറ്റ് വെറുതെ കുറച്ചുദൂരം നടക്കാൻ പോകുന്നത് പോലും ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതാണ്.”

  1. ഇടവിട്ടുള്ള ഉപവാസം

ഇന്‍റർമിറ്റന്‌റ് ഫാസ്റ്റിങ് അഥവാ ഇടവിട്ടുള്ള ഉപവാസം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഒരു ദിവസം നിശ്ചിതസമയം വ്യായാമം ചെയ്യുന്നതിന്‍റെ അതേ ഗുണങ്ങൾ ഇതിലൂടെ ലഭിക്കുമെന്ന് ഡോ. ഹാൻസൻ പറയുന്നു. ഇടയ്‌ക്കിടെയുള്ള ഉപവാസം ചെയ്യുന്നതിനുള്ള ഏറ്റവും പ്രായോഗികമായ മാർഗ്ഗം, ഉച്ചയ്ക്കുശേഷം ഭക്ഷണം കഴിക്കുന്നതിനുള്ള ഇടവേള വർദ്ധിപ്പിക്കുകയെന്നതാണ്.

  1. ഒമേഗ ത്രീ ഫാറ്റി ആസിഡ്

ഇൻസുലിൻ പ്രതിരോധം, ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയിലേക്ക് നയിക്കുന്ന സംസ്കരിച്ച ഭക്ഷണങ്ങൾ കുറയ്ക്കേണ്ടത് പ്രധാനമാണെന്ന് ഡോ ഹാൻസെൻ പറയുന്നു. പകരം ഹൃദയാരോഗ്യം മികച്ചതാക്കാൻ ധാരാളം ഒമേഗ -3 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. മത്തി, അയല, ചൂര പോലെയുള്ള മത്സ്യങ്ങൾ, ചിയ സീഡ്, ഫ്ലാക്സ് സീഡ്, വാൽനട്ട് എന്നിവയെല്ലാം ഒമേഗ ത്രീയുടെ മികച്ച സ്രോതസാണ്. എല്ലാ ദിവസവും കുറഞ്ഞത് ഒന്നോ രണ്ടോ ഗ്രാം ഒമേഗ -3 ശരീരത്തിലെത്തേണ്ടത് അത്യാവശ്യമാണ്.

  1. വിറ്റാമിനുകളും ധാതുക്കളും നാരുകളും

വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. പച്ചക്കറികളും ധാന്യങ്ങളും വിത്തുകളും പരിപ്പും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്നും ഡോ ഹാൻസെൻ പറഞ്ഞു. അതുപോലെ നാരുകൾ അടങ്ങിയ ഭക്ഷണവും ഏറെ പ്രധാനമാണ്. ഒരു ദിവസം 25-30 ഗ്രാം ഫൈബർ ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ ആവശ്യമുണ്ട്.

  1. പൂരിത കൊഴുപ്പുള്ള ഭക്ഷണങ്ങൾ കുറയ്ക്കണം

ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയാരോഗ്യത്തിന് ഹാനികരമാണെന്ന് ഡോ ഹാൻസെൻ പറഞ്ഞു. ബീഫ്, പന്നിയിറച്ചി തുടങ്ങിയ റെഡ് മീറ്റ് എന്നിവയിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.

  1. ഉറക്കം

ദിവസവും കുറഞ്ഞത് എട്ട് മണിക്കൂർ ഉറങ്ങുകയെന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഹൃദയാരോഗ്യത്തിനും നല്ല ഉറക്കം ഏറെ ഗുണം ചെയ്യും.