കരളിന്‍റ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട 6 ഭക്ഷണക്കാര്യങ്ങൾ

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ കരളിന്‍റെ പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യം അർഹിക്കുന്നു. കരളിനെ ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ട്. കരളിനുണ്ടാകുന്ന ഏതൊരു പ്രശ്നവും ജീവന് അപകടമുണ്ടാക്കുന്നവയാണ്. ഫാറ്റി ലിവർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങളിൽനിന്ന് കരളിനെ സംരക്ഷിക്കാൻ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ അനിവാര്യമാണ്. ഇവിടെ, കരളിന്‍റെ ആരോഗ്യത്തിന് ഭക്ഷണക്കാര്യത്തിൽ വരുത്തേണ്ട 6 കാര്യങ്ങൾ നോക്കാം…

  1. കുടിവെള്ളം ശുദ്ധമാകണം

ഒരു ദിവസം ആവശ്യത്തിന് വെള്ളം കുടിക്കുകയെന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. എന്നാൽ കുടിക്കുന്ന വെള്ളം ശുദ്ധമായിരിക്കണം. ഇത് കരളിന് ഏറെ ഗുണകരവും അതിന്‍റെ പ്രവർത്തനം എളുപ്പമുള്ളതാക്കുകയും ചെയ്യും.

  1. പഴങ്ങളും പച്ചക്കറികളും

നമ്മുടെ നിത്യേനയുള്ള ഭക്ഷണക്രമത്തിൽ പഴങ്ങളും പച്ചക്കറികളും ഉണ്ടായിരിക്കണം. നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതുപോലെ കരളിനും ഫലപ്രദമാണ്. പഴങ്ങളിലും പച്ചക്കറികളും ധാരാളം നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ദഹനം എളുപ്പമാക്കുകയും അതിനൊപ്പം കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

  1. ഭക്ഷണം അമിതമാകേണ്ട

ഭക്ഷണം കഴിക്കുന്ന ശീലവും കരളിന്‍റെ ആരോഗ്യത്തിൽ പ്രധാനമാണ്. നമ്മുടെ നാട്ടിൽ സാധാരണയായി മൂന്ന് നേരമായാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ ഇത് അമിതമാകരുത്. ഭക്ഷണം ചെറിയ അളവിൽ പലപ്പോഴായി കഴിക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.

  1. പൂരിത കൊഴുപ്പ് ഒഴിവാക്കാം

ഭക്ഷണത്തിലെ കൊഴുപ്പ് അമിതമാകുന്നത് ആരോഗ്യത്തിന് നല്ലതല്ല. പ്രത്യേകിച്ച് പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ. ഭക്ഷണത്തിൽ എണ്ണയും പൂരിത കൊഴുപ്പും അമിതമായി ഉപയോഗിക്കുന്നത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യുക. അതുപോലെ തന്നെ നെയ്യ്, എണ്ണ, വനസ്പതി എന്നിവയുടെ ഉപയോഗവും കുറയ്ക്കണം.

  1. ഫാസ്റ്റ് ഫുഡും സംസ്ക്കരിച്ച ഭക്ഷണവും വേണ്ട

അമിതമായ അളവിൽ ഉപ്പും മധുരവും കൊഴുപ്പും അടങ്ങിയ ഫാസ്റ്റ് ഫുഡ് സംസ്ക്കാരം ആരോഗ്യത്തിന് അപകടകരമാണ്. ബേക്കറികളിൽനിന്ന് വാങ്ങുന്ന സംസ്ക്കരിച്ച ഭക്ഷണങ്ങൾ കരളിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ഫാറ്റി ലിവർ കൂട്ടുകയും ചെയ്യും. മൈദ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണങ്ങളും നിയന്ത്രിക്കണം. അതുപോലെ ഉയർന്ന അളവിൽ മധുരം ഉപയോഗിച്ചുള്ള പലഹാരങ്ങളും ശീതളപാനീയങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.

  1. ഭക്ഷണം വീട്ടിൽനിന്ന് മതി

ഇപ്പോൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന ശീലം മലയാളികൾക്കിടയിൽ വർദ്ധിച്ചുവരികയാണ്. എന്നാൽ ഹോട്ടലുകളിൽ ഭക്ഷണം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണയും മറ്റ് വസ്തുക്കളും ഗുണനിലവാരം കുറഞ്ഞവ ആയിരിക്കും. ഇവയൊക്കെ കരളിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതുകൊണ്ടുതന്നെ പരമാവധി വീട്ടിൽ പാകം ചെയ്ത ഭക്ഷണം തന്നെ കഴിക്കാൻ ശ്രമിക്കുക.