ഇക്കാലത്ത് കൊളസ്ട്രോൾ ഒരു പ്രധാനപ്പെട്ട ജീവിതശൈലി പ്രശ്നമായി മാറിയിരിക്കുന്നു. കൊളസ്ട്രോൾ നില കൂടിയാൽ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരും. എന്നാൽ മരുന്നിനൊപ്പം ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തിയാൽ കൊളസ്ട്രോൾ നിയന്ത്രിക്കാനാകും. കൊളസ്ട്രോൾ രണ്ടുതരമുണ്ട്. നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎൽ, ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ. ചീത്ത കൊളസ്ട്രോൾ കൂടുന്നത് ഹൃദയത്തിന്റെ ആരോഗ്യം മോശമാക്കും. ഇവിടെ ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില വേനൽക്കാല പഴങ്ങളെക്കുറിച്ചാണ് പറയുന്നത്.
വേനൽക്കാലത്ത് പഴങ്ങൾ കഴിക്കാൻ പ്രത്യേക സ്വാദ് തന്നെയാണ്. ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനൊപ്പം നിരവധി ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. നിരവധി പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ പഴങ്ങൾ എങ്ങനെയാണ് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതെന്ന് നോക്കാം…
- ആപ്പിൾ- രുചികരവും കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളുള്ള പെക്റ്റിൻ എന്നറിയപ്പെടുന്ന ലയിക്കുന്ന നാരുകൾ ആപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പതിവായി ആപ്പിൾ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദയത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ, ഇതിൻ്റെ ആൻ്റിഓക്സിഡൻ്റ് ഗുണം ഹൃദയത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
- തണ്ണിമത്തൻ- വേനൽക്കാലത്ത് സുലഭമായ ലഭിക്കുന്ന തണ്ണിമത്തനിൽ കൊളസ്ട്രോൾ നിയന്ത്രിക്കുന്ന ലൈക്കോപീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്.90 ശതമാനം വെള്ളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിലെ ജലാശം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- അവാക്കാഡോ- ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന പഴമാണ് ആവാക്കാഡോ. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള അവാക്കാഡോ സ്ഥിരമായി കഴിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനാകും. ധാരാളം മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുള്ളതിനാൽ എൽഡിഎൽ കുറയ്ക്കാൻ ഏറെ ഫലപ്രദമാണ് അവോക്കാഡോ.
- കിവി- നമ്മുടെ നാട്ടിലും ഇപ്പോൾ ധാരാളം ലഭിക്കുന്ന പഴമാണിത്. ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കിവി സഹായിക്കും. കൂടാതെ കുടലിൽ കൊളസ്ട്രോൾ അടിയുന്നത് തടയാനും നാരുകളാൽ സമ്പന്നമായ കിവിക്ക് കഴിയും.
- പൈനാപ്പിൾ- ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണിത്. ശരീരത്തിലെ വീക്കം കുറയ്ക്കാൻ ഇത് സഹായിക്കും. കൊളസ്ട്രോൾ നിയന്ത്രിക്കുന്ന ഘടകങ്ങൾ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിന് പൈനാപ്പിൾ ഏറെ ഫലപ്രദമാണ്.
- സിട്രസ് പഴങ്ങൾ- ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവ ഉൾപ്പെടുന്ന സിട്രസ് പഴങ്ങൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഉത്തമമാണ്. ഹൃദയാരോഗ്യത്തിന് ഫലപ്രദമായ വിറ്റാമിൻ സി ഈ സിട്രസ് പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. ധമനികളിൽ ബ്ലോക്കിന് കാരണമാകുന്ന കൊളസ്ട്രോൾ ഓക്സിഡേഷൻ കുറയ്ക്കാനും വിറ്റാമിൻ സിയ്ക്ക് കഴിയും.
- മാതളനാരങ്ങ- പ്യൂണിക്കലാജിൻ, ആന്തോസയാനിൻ എന്നീ ശക്തമായ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള പഴമാണിത്. ശരീരത്തിലെ വീക്കം കുറയ്ക്കാനും രക്തയോട്ടം സുഗമമാക്കാനും മാതളം സഹായിക്കും. കൂടാതെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇതിന് കഴിയും.