നമുക്കൊക്കെ തലവേദന ഉണ്ടാകാറുണ്ട്. ഇത് മിക്കപ്പോഴും നിസാരമായ തലവേദനയാകാം. എന്നാൽ ചിലരിൽ മൈഗ്രേയ്ൻ പോലെയുള്ള പ്രശ്നമായും രൂക്ഷമായ തലവേദന ഉണ്ടാകാറുണ്ട്. അതുപോലെ അപകടകരമായ മസ്തിഷ്ക്കാഘാതം, തലച്ചോറിൽ രക്തസ്രാവം, ബ്രെയിൻ ട്യൂമർ എന്നിവയുടെ ലക്ഷണമായും തലവേദന അനുഭവപ്പെടാം. അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള തലവേദനയും നിസാരമായി കാണരുത്.
കഴിഞ്ഞദിവസം ആത്മീയാചാര്യൻ സദ്ഗുരു ജഗ്ഗി വാസുദേവിനെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തലയോട്ടിയിലെ രക്തസ്രാവമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡൽഹി അപ്പോളോ ആശുപത്രിയിലെ മെഡിക്കൽ സംഘം സദ്ഗുരുവിന് അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നിലെ കാരണം “കഠിനമായ തലവേദന” ആയിരുന്നു. കഴിഞ്ഞ ഒരു മാസമായി തലവേദന അനുഭവപ്പെട്ടെങ്കിലും സ്ഗുരു ജഗ്ഗി വാസുദേവ് ഇത് കാര്യമായി എടുത്തിരുന്നില്ല. ആധുനിക വൈദ്യശാസ്ത്രത്തെ എപ്പോഴും തള്ളി പറഞ്ഞിട്ടുള്ളയാളാണ് സദ്ഗുരു. അലോപ്പതി ചികിത്സയും മരുന്നും ഒഴിവാക്കി യോഗയിലൂടെയും മറ്റ് അസുഖങ്ങളെ അകറ്റി ആരോഗ്യത്തോടെ ജീവിക്കാനാകുമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു.
സദ്ഗുരു ചെയ്തതുപോലെ ഇത്രയും നാൾ നീണ്ടുനിന്ന തലവേദന അവഗണിക്കുന്നത് ഒരിക്കലും നല്ലതല്ല. തലവേദന 2-3 ദിവസത്തിൽ കൂടുതൽ നീണ്ടുനിന്നാൽ തീർച്ചയായും വൈദ്യസഹായം തേടണം. ഒരുമാസമായി തലവേദന അവഗണിച്ച സദ്ഗുരുവിനെ സ്ഥിതിഗതികൾ രൂക്ഷമായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയതുകൊണ്ട് മാത്രമാണ് സദ്ഗുരുവിന്‍റെ ജീവൻ രക്ഷിക്കാനായത്.
ഹാർവാർഡ് ഹെൽത്ത് റിപ്പോർട്ട് അനുസരിച്ച്, 300-ലധികം തരത്തിലുള്ള തലവേദനകളുണ്ട്, എന്നാൽ ഏകദേശം 10% പേർക്ക് മാത്രമേ അറിയപ്പെടുന്ന കാരണം ഉള്ളൂ. മറ്റുള്ളവയെ ‘പ്രാഥമിക തലവേദനകൾ’ എന്ന് വിളിക്കുന്നു, അതായത് ഏറ്റവും സാധാരണമായ ടെൻഷൻ തലവേദനകൾ, പ്രായപൂർത്തിയായ ആളുകളിൽ മൂന്നിൽ ഒരാൾക്ക് ഇത് സംഭവിക്കുന്നു. മൈഗ്രേൻ, ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന തലവേദന, സൈനസുമായി ബന്ധപ്പെട്ട തലവേദന, മരുന്നുകളുമായി ബന്ധപ്പെട്ട തലവേദന, വ്യായാമവുമായി ബന്ധപ്പെട്ട തലവേദന തുടങ്ങിയവയാണ് മറ്റ് തലവേദനകൾ.
എന്തുകൊണ്ടാണ് മിക്ക തലവേദനകളും ഉണ്ടാകുന്നതെന്ന് മെഡിക്കൽ വിദഗ്ധർക്ക് പൂർണ്ണമായി അറിയില്ല. “വേദന രേഖപ്പെടുത്തുന്ന ഞരമ്പുകൾ ഇല്ലാത്തതിനാൽ മസ്തിഷ്ക കോശങ്ങളും തലയോട്ടിയും ഒരിക്കലും തലവേദനയ്ക്ക് കാരണമാകുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ തലയിലെയും കഴുത്തിലെയും രക്തക്കുഴലുകൾക്ക് വേദനയെ അറിയിക്കാൻ കഴിയും, അതുപോലെ തലച്ചോറിനെ ചുറ്റിപ്പറ്റിയുള്ള ടിഷ്യൂകൾക്കും തലച്ചോറിൽ നിന്ന് ഉത്ഭവിക്കുന്ന ചില പ്രധാന ഞരമ്പുകൾക്കും വേദന അറിയിക്കാൻ കഴിയും,” ഹാർവാർഡ് ഹെൽത്ത് പറയുന്നു. കഴുത്തിലെ തലയോട്ടി, സൈനസുകൾ, പല്ലുകൾ, പേശികൾ, സന്ധികൾ എന്നിവയും വേദനയ്ക്ക് കാരണമാകും.
ചില മരുന്നുകൾ കഴിക്കുന്നവരും ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരും തലവേദനയെ കൂടുതൽ ഗൗരവമായി കാണണം. “രക്തം നേർപ്പിക്കുന്നവരോ വിട്ടുമാറാത്ത കരൾ അല്ലെങ്കിൽ വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരോ തലവേദന ഗൗരവമായി കാണണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകാറുണ്ട്. തലവേദനയ്ക്കൊപ്പം ഛർദ്ദി, പനി, കാഴ്ച മങ്ങൽ എന്നീ പ്രശ്നങ്ങളുണ്ടെങ്കിൽ ഉടനടി വിദഗ്ദ ചികിത്സ തേടണം.