അമിതാഭ് ബച്ചന് ആൻജിയോ പ്ലാസ്റ്റി നടത്തി; പ്രായമുള്ളവരിൽ ആൻജിയോപ്ലാസ്റ്റി സുരക്ഷിതമോ?

ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചനെ ആൻജിയോപ്ലാസ്റ്റി ചികിത്സയ്ക്ക് വിധേയനാക്കി. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് ബച്ചന് ആൻജിയോപ്ലാസ്റ്റി നടത്തിയത്. പെരിഫറൽ ഹൃദ്രോഗത്തിന് ചികിത്സയിലാണെങ്കിലും ആൻജിയോപ്ലാസ്റ്റി നടത്തിയത് ഹൃദയത്തിലെ ബ്ലോക്ക് മൂലമല്ല. കാലിലേക്കുള്ള രക്തയോട്ടം തടസപ്പെട്ടതിനാലാണ് ബച്ചന് ആൻജിയോപ്ലാസ്റ്റി നടത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

അടഞ്ഞതോ ഇടുങ്ങിയതോ ആയ രക്തക്കുഴലുകൾ, സാധാരണയായി ധമനികളിലെ ബ്ലോക്കുകൾ എന്നിവ പരിഹരിക്കാനുള്ള ആധുനിക ചികിത്സാരീതിയാണ് ആൻജിയോപ്ലാസ്റ്റി. ആൻജിയോപ്ലാസ്റ്റി ആവശ്യമായി വരുന്നതിൻ്റെ പ്രധാന കാരണം, രക്തക്കുഴലുകൾ പൂർണ്ണമായോ ഭാഗികമായോ തടയപ്പെടുമ്പോഴാണ്. കൂടുതൽ പേരിലും ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാകുമ്പോഴാണ് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്. എന്നാൽ മറ്റ് ചില രോഗാവസ്ഥകൾക്കും ആൻജിയോപ്ലാസ്റ്റി ഫലപ്രദമാണ്. ഇത് പ്രധാനപ്പെട്ട ടിഷ്യൂകളിലേക്കോ അവയവങ്ങളിലേക്കോ രക്തപ്രവാഹം കുറയുന്നതിന് കാരണമാകുന്നു. ഡയാലിസിസ് ആക്‌സസ് മാനേജ്‌മെൻ്റ് (ഡയാലിസിസിന് ഉപയോഗിക്കുന്ന രക്തചാനലുകളിൽ ആവശ്യത്തിന് രക്തയോട്ടം നിലനിർത്തൽ), മെസെൻ്ററിക് ആർട്ടറി ഡിസീസ് (കുടലിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുന്നത്) തുടങ്ങിയ സങ്കോചിച്ചതോ അടഞ്ഞതോ ആയ ധമനികൾ ഉൾപ്പെടുന്ന മറ്റ് മെഡിക്കൽ അവസ്ഥകളും ആൻജിയോപ്ലാസ്റ്റി ഉപയോഗിച്ച് ചികിത്സിക്കാം

ഹൃദയാഘാത സമയത്ത് രക്തം കട്ടപിടിക്കുന്നത് സാധാരണയായി കൊറോണറി ധമനിയെ തടയുകയും ഹൃദയപേശികളിലെ ടിഷ്യുവിനെ നശിപ്പിക്കുകയും ചെയ്യും. ഹൃദയപേശികൾക്കുണ്ടാകുന്ന ഇത്തരം കേടുപാടുകൾ കുറയ്ക്കുന്നതിന് ആൻജിയോപ്ലാസ്റ്റി ഫലപ്രദമാണ്. ധമനികളിലെ ബ്ലോക്ക് വീണ്ടും തുറക്കുന്നതിനും രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിനും, ആൻജിയോപ്ലാസ്റ്റിയിലൂടെ ഒരു സ്റ്റെന്‍റ് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഒരു കത്തീറ്റർ ഉപയോഗിച്ചാണ് ബ്ലോക്കുള്ള സ്ഥലത്ത് സ്റ്റെന്‍റ് സ്ഥാപിക്കുന്നത്. ഇത് ധമനികളിലെ ബ്ലോക്ക് തുറക്കുകയും രക്തപ്രവാഹം പുനസ്ഥാപിക്കുകയും ചെയ്യുന്നു. 

പ്രായമുള്ളവരിൽ ആൻജിയോപ്ലാസ്റ്റി സുരക്ഷിതമോ?

കൈയിലെയെ കാലിലെയോ രക്തക്കുഴലിലൂടെ കത്തീറ്റർ കടത്തിവിട്ടാണ് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്.  ആൻജിയോപ്ലാസ്റ്റിയ്ക്കായി കത്തീറ്റർ കടത്തിവിടുമ്പോൾ രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. പ്രായമായ ചിലരിൽ രക്തക്കുഴലുകൾക്ക് തകരാർ സംഭവിക്കാനോ അണുബാധയ്ക്കോ കാരണമായേക്കാം. ആൻജിയോപ്ലാസ്റ്റി പ്രായമായവരിൽ ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകും. എന്നാൽ ഇത് പിന്നീട് മാറുകയും ചെയ്യും. 

ആൻജിയോപ്ലാസ്റ്റി നടത്തുന്ന പ്രായമായവരിൽ രക്തസ്രാവം, ക്രമരഹിതമായ ഹൃദയമിടിപ്പ്, അസാധാരണ രക്തസമ്മർദ്ദം എന്നിവ പോലുള്ള സങ്കീർണതകൾ ഉള്ളവർ കുറച്ച് മണിക്കൂറുകൾ ഡോക്ടർമാരുടെ സൂക്ഷ്മനിരീക്ഷണത്തിലായിരിക്കും. 

രക്തസ്രാവം അല്ലെങ്കിൽ മറ്റ് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന്, ചികിത്സയ്ക്ക് ശേഷം കുറച്ച് ദിവസത്തേക്ക് ഭാരമുള്ള വസ്തുക്കൾ എടുക്കുന്നതും കഠിനമായ ശാരീരിക പ്രവർത്തനവും ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശം നൽകും. നടത്തം പോലെയുള്ള ലഘുവായ വ്യായാമം രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും സാധാരണയായി നിർദ്ദേശിക്കപ്പെടുന്നു. ആൻജിയോപ്ലാസ്റ്റിക്കുശേഷം ആരോഗ്യകരമായ ജീവിതശൈലിയും നല്ല ഭക്ഷണശീലവും പിന്തുടരാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.