കാൻസറിനെതിരെ എംആർഎൻഎ വാക്‌സിൻ കണ്ടുപിടിച്ചതായും രാജ്യത്തെ കാൻസർ ബാധിതർക്ക് വൈകാതെ വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്നും റഷ്യൻ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചതായി റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യയിൽ കാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വാക്‌സിൻ പുറത്തിറക്കുന്നത്. കാൻസർ വാക്‌സിൻ ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.
കാൻസർ രോഗികളെ ചികിത്സിക്കാനാണ് ഈ വാക്‌സിൻ പ്രയോജനപ്പെടുക. പ്രീ ക്ലിനിക്കൽ ട്രയലുകളിൽ വാക്‌സിൻ കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിൽ വിജയിച്ചതായി കണ്ടെത്തി. കാൻസർ കോശങ്ങളെ തിരിച്ചറിയാനും അവയെ നശിപ്പിക്കാനും വാക്‌സിന് കഴിയും. ആരോഗ്യരംഗത്ത് ഏറെ പ്രയോജനകരമായ ഒരു കണ്ടുപിടിത്തമാണിത്.
Also Read | എന്താണ് ക്യാൻസർ? ലക്ഷണങ്ങളും ചികിത്സയും- പ്രാഥമിക വിവരങ്ങൾ
എംആർഎൻഎ വാക്‌സിനായതിനാൽ ഓരോ രോഗിക്കും വാക്‌സിൻ വ്യത്യസ്തമായിരിക്കും. കാൻസർ വരുന്നത് തടയുക എന്നതിലുപരി കാൻസർ ചികിത്സക്കാണ് ഈ വാക്‌സിൻ ഉപയോഗിക്കുക. രോഗിയുടെ തന്നെ കാൻസർ കോശങ്ങൾ ഉപയോഗിച്ച് രോഗത്തിനെതിരെ പോരാടാൻ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കുകയാണ് ഈ വാക്‌സിൻ ചെയ്യുക.
ഏത് തരം കാൻസറിനുള്ള വാക്‌സിനാണ്, എത്രത്തോളം ഫലപ്രദമാണ്, എങ്ങനെയാണ് ഇത് വിതരണം ചെയ്യുക എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.