ഇൻഹേലർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

ആസ്ത്മ ചികിത്സയിൽ വലിയ രീതിയിലുള്ള മാറ്റമാണ് ഇൻഹേലറുകളുടെ വരവോടെ ഉണ്ടായിട്ടുള്ളത്. ശ്വാസകോശത്തിലേക്ക് നേരിട്ട് മരുന്ന് എത്തിക്കാനും രോഗിക്ക് വേഗത്തിൽ ആശ്വാസം ലഭിക്കാനും ഇൻഹേലർ സഹായിച്ചു. കഫക്കെട്ടിൽനിന്ന് ആശ്വാസമേകി ശ്വാസതടസ്സം, ചുമ എന്നിവ ശമിപ്പിക്കാനും ഇൻഹേലർ സഹായിക്കുന്നു. ഗുളികകൾ, ഇഞ്ചക്ഷൻ എന്നിവയേക്കാൾ വളരെ വേഗം പ്രവർത്തിച്ച് രോഗിക്ക് ആശ്വാസമേകുന്നുവെന്നതാണ് ഇൻഹേലറുകളുടെ പ്രത്യേകത. ഇവിടെ, ഇൻഹേലർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

  1. ഡോസുകളുടെ എണ്ണം- പരമ്പരാഗത രീതിയിലുള്ള ഇൻഹേലർ ഉപയോഗിക്കുമ്പോൾ അതിലെ ഡോസുകളുടെ എണ്ണം ശ്രദ്ധിക്കണം. ചിലർ ഇക്കാര്യം ശ്രദ്ധിക്കാതെ ശൂന്യമായ ഇൻഹേലർ ഉപയോഗിക്കാറുണ്ട്. മുൻകാലങ്ങളിൽ ഇറങ്ങിയ ഇൻഹേലറുകളിൽ ഡോസുകളുടെ എണ്ണം രേഖപ്പെടുത്തിയിരുന്നില്ല. ഇപ്പോഴും അത്തരത്തിൽ ചില ബ്രാൻഡുകളുടെ ഇൻഹേലറുകൾ വിപണിയിലുണ്ട്. അങ്ങനെയെങ്കിൽ ഇൻഹേലറിലെ മൊത്തം ഡോസുകളുടെ എണ്ണം പഫുകളുടെ എണ്ണം കൊണ്ട് ഹരിച്ചുകൊണ്ട് അവശേഷിക്കുന്ന ഡോസുകളുടെ ഒരു കുറിപ്പ് തയ്യാറാക്കി സൂക്ഷിക്കാം.
  2. തെറ്റായ ഉപയോഗരീതി- മീറ്റേർഡ് ഡോസ് ഇൻഹേലർ അഥവാ എംഡിഐ ഉപയോഗിക്കുന്നത്, കാനിസ്റ്റർ അമർത്തി ഒരേസമയം ദീർഘമായി ശ്വാസം എടുക്കുകയും കുറഞ്ഞത് 10-15 സെക്കൻഡ് നേരത്തേക്ക് ശ്വാസം പിടിച്ചുനിർത്തുകയും ചെയ്യുന്ന രീതിയാണ്. ഇനി ഡ്രൈ പൌഡർ ഇൻഹേലറാണ് ഉപയോഗിക്കുന്നതെങ്കിൽ, കൃത്യമായി ക്യാംപ്സ്യൂൾ നിർദിഷ്ട സ്ഥാനത്ത് ഇടുകയും റോട്ടാഹേലർ തിരിച്ച് അത് വേർപെടുത്തിയശേഷം ശ്വാസം ഉള്ളിലേക്ക് എടുക്കുകയുമാണ് വേണ്ടത്. ഇൻഹേലർ ഉപയോഗിക്കുമ്പോൾ താടി മുകളിലേക്ക് ചരിക്കുകയും ഇൻഹേലറിന്‍റെ മൗത്ത്പീസ് താഴെയായിരിക്കുകയും വേണം.
  3. ആദ്യ ഡോസ് പുറത്തേക്ക് കളയണം- ആദ്യ ഉപയോഗത്തിന് മുമ്പ് ഇൻഹേലർ നന്നായി കുലുക്കുകയും പ്രൈമിംഗ്(പുറത്തേക്ക് കളയുന്നത്) ചെയ്യുകയും വേണം. ആദ്യ ഡോസ് ഇൻഹേലർ പ്രൈമിംഗ് ചെയ്യുന്നത് മരുന്ന് പ്രൊപ്പല്ലൻ്റുമായി കലർന്നിട്ടുണ്ടെന്നും ശരിയായ അളവിൽ മരുന്ന് ശ്വാസകോശത്തിലേക്ക് എത്തിക്കുന്നുവെന്നും ഉറപ്പാക്കുന്നു. പ്രൈമിംഗിൽ ഇൻഹേലർ 10-15 പ്രാവശ്യം കുലുക്കുന്നതും വായുവിലേക്ക് (മുഖത്ത് നിന്ന് അകലെ) സ്പ്രേ ചെയ്യുകയും വേണം. രണ്ടാഴ്ചയിലെ ഇടവേളയ്ക്കുശേഷം ഉപയോഗിക്കുകയാണെങ്കിലു ഇത്തരത്തിൽ പ്രൈമിങ് ചെയ്യണം.
  4. ഉപയോഗശേഷം വായ കഴുകണം- ഇൻഹേലർ ഉപയോഗിച്ചതിന് ശേഷം നിങ്ങളുടെ വായ വെള്ളം ഉപയോഗിച്ച് നന്നായി കുലുക്കി കഴുകണം. ഇൻഹേലർ ഉപയോഗശേഷം വായ വൃത്തിയാക്കാത്തത് തൊണ്ടയുടെ പിൻഭാഗത്തുള്ള അണുബാധകൾക്ക് കാരണമാകും, കാൻഡിഡിയസിസ് (ഓറൽ ത്രഷ്) പോലുള്ള ഫംഗസ് അണുബാധകൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്.
  5. സ്‌പെയ്‌സർ ഉപയോഗിക്കണം- കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള ചില ആളുകൾക്ക് ക്യാനിസ്റ്റർ അമർത്താനും സമന്വയത്തിൽ ശ്വസിക്കാനും കഴിയില്ല. ഇൻഹേലറിൻ്റെ വായിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണമാണ് സ്‌പെയ്‌സർ. കാനിസ്റ്റർ അമർത്തുമ്പോൾ, മരുന്ന് സ്പേസറിലേക്ക് വരികയും, അത് ദീർഘശ്വാസത്തിലൂടെ ഉള്ളിലേക്ക് എടുക്കുകയുമാണ് വേണ്ടത്. മരുന്ന് ഒട്ടും പാഴാകാതെ തന്നെ അകത്തേക്ക് ശ്വസിക്കാൻ സ്പേസർ ഉപയോഗത്തിലൂടെ സാധിക്കും.