പാകം ചെയ്യുന്ന എണ്ണ തുടർച്ചയായി ഉപയോഗിക്കുന്നത് തലച്ചോറിന് ഹാനികരം

വറുക്കാനും മറ്റും ഒരു തവണ ഉപയോഗിക്കുന്ന എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ദോഷകരമാണെന്ന കാര്യം ഏവർക്കും അറിയാം. ഇത് ഹൃദ്രോഗം, ക്യാൻസർ ഉൾപ്പടെയുള്ള മാരകമായ അസുഖങ്ങൾക്ക് ഇടയാക്കും. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളിൽ ഇത്തരത്തിൽ എണ്ണ തുടർച്ചയായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ, ഇത്തരം എണ്ണയുടെ ഉപയോഗം തലച്ചോറിന് ഹാനികരമാണെന്നാണ് പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത് അൽഷിമേഴ്സ് ഉൾപ്പടെയുള്ള അസുഖങ്ങളുടെ തീവ്രത വർദ്ധിപ്പിക്കും.

അൽഷിമേഴ്‌സ് അസോസിയേഷൻ 2024-ലെ അൽഷിമേഴ്‌സ് ഡിസീസ് ഫാക്‌ട്‌സ് ആൻഡ് ഫിഗേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, അമേരിക്കയിൽ മാത്രം 65 വയസിന് മുകളിൽ പ്രായമുള്ള 70 ലക്ഷത്തിലേറെ പേരെ അൽഷിമേഴ്സ് ബാധിച്ചതായാണ് വ്യക്തമാക്കുന്നത്. ന്യൂറോ ഡീജെനറേറ്റീവ് ആരോഗ്യപ്രശ്നമായാണ് അൽഷിമേഴ്സിനെ കണക്കാക്കുന്നത്. അതിനിടെയാണ് പാകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണയുടെ പുനരുപയോഗം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്.

അടുത്തിടെ എലികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് മെഡിക്കൽ ന്യൂസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. വറുക്കാനും പൊരിക്കാനും ഉപയോഗിച്ച എണ്ണയുടെ ദീർഘകാല ഉപഭോഗം എലികളിൽ ന്യൂറോ ഡീജനറേഷൻ ഉണ്ടാക്കുന്നതായി എടുത്തുകാണിക്കുന്നു. അമേരിക്കൻ സൊസൈറ്റി ഫോർ ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജിയുടെ വാർഷിക മീറ്റിംഗായ ഡിസ്‌കവർ ബിഎംബി 2024-ൽ പഠന റിപ്പോർട്ട അവതരിപ്പിച്ചു. ഇത് ജേണൽ ഓഫ് ബയോളജിക്കൽ കെമിസ്ട്രിയുടെ വെർച്വൽ സപ്ലിമെൻ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.

സാധാരണ ഭക്ഷണം കഴിക്കുന്ന എലികളുമായി താരതമ്യപ്പെടുത്തുമ്പോൾ വീണ്ടും ചൂടാക്കിയ പാചക എണ്ണകൾ ഉപയോഗിച്ച ഭക്ഷണം കഴിക്കുന്ന എലികളിൽ ന്യൂറോ ഡിജനറേഷൻ്റെ ഉയർന്ന അളവിലുള്ളതായി പഠനം കണ്ടെത്തി. വീണ്ടും ചൂടാക്കിയ എണ്ണ കരൾ-കുടൽ-മസ്തിഷ്ക വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നതിലൂടെ ന്യൂറോഡീജനറേഷൻ വർദ്ധിപ്പിക്കുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു, ഇത് ഫിസിയോളജിക്കൽ ബാലൻസ് നിലനിർത്തുന്നതിന് നിർണായകവും ന്യൂറോളജിക്കൽ ഡിസോർഡേഴ്സിന് കാരണമാകുന്നതായും പഠനസംഘം കണ്ടെത്തി.

നമ്മുടെ നാട്ടിൽ ഫാസ്റ്റ് ഫുഡ് കടകളിലും തെരുവിലെ തട്ടുകടകളിലും പാക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് സാധാരണമാണ്. ചിലരെങ്കിലും ഇതിന്‍റെ അപകടം മനസിലാക്കാതെ വീടുകളിലും ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കാറുണ്ട്.

ഇത്തരത്തിലുള്ള എണ്ണ ഉപയോഗിച്ച് വറുത്ത ഭക്ഷണം കഴിക്കുന്നത് കാർഡിയോമെറ്റബോളിക് പ്രശ്നങ്ങൾക്കും ചില അർബുദങ്ങൾക്കും കാരണമാകുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്. കൂടാതെ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ (PUFAs) മെറ്റബോളിസ ആരോഗ്യപ്രശ്നങ്ങൾക്കും വീണ്ടും ചൂടാക്കിയ പാചക എണ്ണകൾ കഴിക്കുന്നത് കാരണമാകാറുണ്ട്.

തിരുവാരൂരിലെ തമിഴ്‌നാട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. കതിരേശൻ ഷൺമുഖം നടത്തിയ പി എച്ച് ഡി പഠനവും ഈ വിഷയത്തിൽ ഗവേഷകസംഘത്തിന് സഹായകരമായി. പഠന സംഘം പെൺ എലികളെ അഞ്ച് ഗ്രൂപ്പുകളായി ക്രമീകരിച്ചു, ഒരു സാധാരണ ഭക്ഷണക്രമം അല്ലെങ്കിൽ ചൂടാക്കാത്ത എള്ളെണ്ണ, ചൂടാക്കാത്ത സൂര്യകാന്തി എണ്ണ, വീണ്ടും ചൂടാക്കിയ എള്ളെണ്ണ, വീണ്ടും ചൂടാക്കിയ സൂര്യകാന്തി എണ്ണ എന്നിങ്ങനെ എലികൾക്ക് നൽകി. 30 ദിവസം തുടർച്ചയായി എണ്ണ ചൂടാക്കി ഒരു ഗ്രൂപ്പ് എലികൾക്ക് നൽകി. വ്യത്യസ്‌ത ഭക്ഷണക്രമങ്ങളിലെ മറ്റ് ഗ്രൂപ്പുകളിലെ എലികളുമായി താരതമ്യപ്പെടുത്തുമ്പോൾ, വീണ്ടും ചൂടാക്കിയ എണ്ണകൾ ഉപയോഗിച്ച് ആഹാരം കഴിക്കുന്നത് കരൾ ടിഷ്യൂകളിൽ ഉയർന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വീക്കവും ഉണ്ടാക്കുന്നതായി കണ്ടെത്തി.

കൂടാതെ, ഈ എലികളിൽ വൻകുടലിന് തകരാർ സംഭവിക്കുന്നതായും കണ്ടെത്തി. ഇത് എൻഡോടോക്സിൻ ട്രസ്റ്റഡ് സോഴ്സ്, ലിപ്പോപോളിസാക്കറൈഡ്സ് ട്രസ്റ്റഡ് സോഴ്സ് എന്നിവയുടെ അളവ് മാറുന്നതിന് കാരണമാകുന്നതായി ഗവേഷകർ കണ്ടെത്തി. ഇത് കുടലിൽ ബാക്ടീരിയ കാരണം ഉൽപ്പാദിപ്പിക്കുന്ന വിഷവസ്തുക്കളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. കൂടാതെ വീണ്ടും ചൂടാക്കിയ എണ്ണ ഉപയോഗിച്ചുള്ള ഭക്ഷണം നൽകിയ എലികളിൽ ന്യൂറോണൽ തകരാർ ഉണ്ടാകുന്നതായും പഠനസംഘം കണ്ടെത്തി.

വീണ്ടും ചൂടാക്കിയ എണ്ണകൾ അടങ്ങിയ ഭക്ഷണക്രമം കൊളസ്‌ട്രോൾ, എൽഡിഎൽ കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, എഎസ്‌ടി, എഎൽടി, എന്നിവയ്‌ക്കൊപ്പം കരൾ, വൻകുടൽ എന്നിവയ്‌ക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതായും കണ്ടെത്തി. വീണ്ടും ചൂടാക്കിയ എണ്ണകളുടെ ഉപഭോഗം മസ്തിഷ്ക ക്ഷതത്തിന് കാരണമാകുന്നതായി പഠനസംഘം വിലയിരുത്തി. ഇത് അൽഷിമേഴ്സ് പോലെയുള്ള അസുഖങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതായും പഠനസംഘം ചൂണ്ടിക്കാട്ടി.