മുഖശ്രീ വേണോ? ഈ 7 കാര്യങ്ങൾ എല്ലാ ദിവസവും ചെയ്തുനോക്കൂ

തിരക്കേറിയ ജീവിതശൈലി കാരണം ചർമ്മസംരക്ഷണത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ പലർക്കും കഴിയാറില്ല. എന്നാൽ ദിവസവും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ചർമ്മത്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാൻ കഴിയും. അത്തരത്തിൽ 7 കാര്യങ്ങളാണ് താഴെ പറയുന്നത്. 

വെള്ളം കുടിച്ചു തുടങ്ങാം: രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ഗ്ലാസ് ശുദ്ധമായ വെള്ളം കുടിക്കുക. ചെറു ചൂടുള്ള വെള്ളമാണെങ്കിലും കുഴപ്പമില്ല. രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാനും മെറ്റബോളിസം പ്രവർത്തനക്ഷമമാക്കാനും സഹായിക്കുന്നു. ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്തുന്നതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്തുക പ്രധാനം. രാവിലെ തുടങ്ങുന്ന വെള്ളംകുടി ശീലം ദിവസം മുഴുവൻ തുടരുകയും വേണം. ചെറിയ അളവിൽ നിശ്ചിത ഇടവേളകളിൽ വെള്ളം കുടിക്കാം. 

മുഖം കഴുകാം: രാവിലെ എഴുന്നേറ്റാൽ ഉടൻ മുഖം നന്നായി കഴുകുക. മുഖം കഴുകുന്നതിനായി നോൺ-സ്ട്രിപ്പിംഗ് ക്ലെൻസിംഗ് ക്രീം ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് രാവിലെ തന്നെ ചർമ്മത്തിന്‍റെ തിളക്കം നിലനിർത്താൻ സഹായിക്കും. 

ഫേഷ്യൽ ഓയിൽ ഉപയോഗിക്കുക: വരണ്ടതോ സെൻസിറ്റീവായതോ ആയ ചർമ്മമുള്ളവർ രാത്രിയിൽ കിടക്കുമ്പോൾ ഫേസ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് രാവിലെ തിളങ്ങുന്ന ചർമ്മത്തോടെ ഉണരാൻ സഹായിക്കും. സെൻസിറ്റീവായുള്ള ചർമ്മത്തെ കൂടുതൽ മൃദുലമാക്കാൻ ഇത് സഹായിക്കും. 

മോയ്സ്ചറൈസർ: ചർമ്മത്തിന് തിളക്കം നൽകാൻ രാവിലെയും രാത്രിയിലും മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് നല്ലതാണ്. ഓരോരുത്തരുടെയും ചർമ്മത്തിന്‍റെ പ്രത്യേകതകൾക്ക് അനുസരിച്ച് വേണം മോയ്സ്ചറൈസർ തെരഞ്ഞെടുക്കേണ്ടത്. വരണ്ട ചർമ്മമുള്ളവർക്ക് കട്ടിയുള്ളതും ജലാംശം നൽകുന്നതുമായ മോയ്സ്ചറൈസർ ഉപയോഗിക്കാം, എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ജെൽ അടിസ്ഥാനമാക്കിയുള്ളത് ഉപയോഗിക്കാം.

രാത്രിയിലെ ചർമസംരക്ഷണം: മുഖക്കുരു, കറുത്ത പാടുകൾ എന്നിവ പരിഹരിക്കുന്നതിനുള്ള കാര്യങ്ങൾ രാത്രി ചെയ്യുന്നതാണ് നല്ലത്. മുഖക്കുരു നീക്കം ചെയ്യുന്നതു മുതൽ, അതിനായി മരുന്നുകൾ  ഉപയോഗിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് രാത്രിയിൽ ചെയ്യേണ്ടത്. ഇത് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മുഖത്തിന് തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കും. 

സൺസ്‌ക്രീൻ: ഒരാളുടെ പ്രഭാത ദിനചര്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ചർമ്മസംരക്ഷണം തന്നെയാകണം. പുറത്തേക്ക് പോകുന്നവരാണെങ്കിൽ ഉറപ്പായും സൂര്യപ്രകാശത്തിൽനിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിന് സൺസ്ക്രീൻ ഉപയോഗിക്കണം. ഇത് ചർമ്മം തിളങ്ങാൻ സഹായിക്കുന്ന കാര്യമാണ്. 

ഫേഷ്യൽ മസാജ്: വിരൽത്തുമ്പുകളോ ഫേഷ്യൽ റോളറോ ഉപയോഗിച്ച് ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യുന്നത് രക്തചംക്രമണം കൂട്ടുന്നു, മുഖം മസാജ് ചെയ്യുന്നത് നീർക്കെട്ട് കുറയ്ക്കുകയും ലിംഫറ്റിക് ഡ്രെയിനേജ് പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. 

ജീവിതശൈലി: ചർമ്മസംരക്ഷണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക എന്നതാണ്. ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഇടയ്ക്കിടെ മാത്രം ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിന് ഗുണം ചെയ്യുന്നില്ല, അവ സ്ഥിരമായി ഉപയോഗിക്കുകയും കാലക്രമേണ ഫലം ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ അതിന് പുറമെ, നന്നായി ഉറങ്ങുക, പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക, വ്യായാമം എന്നിവയൊക്കെ ചർമ്മസംരക്ഷണത്തിന് സഹായകരമായ കാര്യങ്ങളാണ്. വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണക്രമവും ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്.