വൃക്കകളുടെ ആരോഗ്യത്തിന് ഈ 5 കാര്യങ്ങൾ ശീലമാക്കാം

നമ്മൾ സ്കൂൾ ക്ലാസുകളിൽ പഠിച്ചതുപോലെ ശരീരത്തിലെ അരിപ്പയാണ് വൃക്കകളെന്ന് അറിയാമല്ലോ. രക്തത്തിലെയും മറ്റും മാലിന്യങ്ങൾ അരിച്ചെടുക്കുന്ന പ്രവർത്തനമാണ് വൃക്കകളുടേത്. കൂടാതെ ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ നിയന്ത്രിക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും വൃക്കകൾ പ്രധാന പങ്ക് വഹിക്കുന്നു. ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തെയും അസ്ഥികളുടെ ആരോഗ്യത്തെയും ബാധിക്കുന്ന ഹോർമോൺ ബാലൻസിലും വൃക്കകളുടെ പ്രവർത്തനമാണ് സഹായകരമാകുന്നത്. എന്നാൽ വൃക്കയിലെ കല്ലുകൾ, മൂത്രനാളിയിലെ അണുബാധകൾ, വൃക്കരോഗങ്ങൾ എന്നിവ വൃക്കകളുടെ ആരോഗ്യം മോശമാക്കും. നല്ല ആരോഗ്യം നിലനിർത്താൻ വൃക്കകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. വൃക്കകൾ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സഹായിക്കുന്ന 5 ശീലങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

ജങ്ക് ഫുഡ് ഒഴിവാക്കുക: അമിതമായ മധുരം, പൂരിത കൊഴുപ്പ്, അമിതമായ ഉപ്പ് എന്നിവ അടങ്ങിയ ജങ്ക് ഫുഡ് തരം ഭക്ഷണങ്ങൾ പൊതുവെ ആരോഗ്യത്തിന് ഹാനികരമാണ്. സ്ഥിരമായി ഇത്തരം ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിനും രക്തസമ്മർദ്ദത്തിനും ഇടയാക്കും. ഇത് വൃക്കരോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. കിഡ്‌നിയുടെ ആരോഗ്യത്തെ സഹായിക്കാൻ പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. 

ആരോഗ്യകരമായ ഭാരം നിലനിർത്തുക: അമിതവണ്ണവും അമിതഭാരവും കിഡ്‌നിയെ ബുദ്ധിമുട്ടിക്കും. ഇത് വൃക്കസംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് വൃക്കരോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക: പുകവലിയും അമിത മദ്യപാനവും വൃക്കകളുടെ ആരോഗ്യം വഷളാക്കുകയും വൃക്ക തകരാറിലാകുകയും ചെയ്യും. പുകവലി ഉപേക്ഷിക്കുകയും മദ്യം കഴിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നത് വൃക്കകളുടെ തകരാറിൽ നിന്ന് സംരക്ഷിക്കുന്നു.

അമിതമായ മരുന്ന് ഉപയോഗം വേണ്ട: ചെറിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഡോക്ടറെ കാണാതെ മെഡിക്കൽ സ്റ്റോറിൽനിന്ന് മരുന്ന് വാങ്ങി കഴിക്കുന്ന ശീലം ഒഴിവാക്കുക. പനിക്ക് ഉപയോഗിക്കുന്ന പാരസെറ്റമോൾ പോലെയുള്ള മരുന്നുകളുടെ ഇടയ്ക്കിടെയുള്ള ഉപയോഗം വൃക്കകളെയും കരളിനെയും അപകടത്തിലാക്കും. 

വെള്ളംകുടി പ്രധാനം: നിർജ്ജലീകരണം വൃക്കകളെ ബാധിക്കും. രക്തം ശുദ്ധീകരിക്കുന്ന വൃക്കകളുടെ പ്രവർത്തനത്തെയാണ് ഇത് തടസ്സപ്പെടുത്തുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സഹായിക്കുന്നു.

പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കുക: പ്രമേഹമുള്ള വ്യക്തികൾ വൃക്ക തകരാറിലാകാതിരിക്കാൻ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണം. ഡോക്ടറുടെ നിർദേശം പാലിക്കുകയും നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുകയും ചെയ്യുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

സമീകൃതാഹാരം, ചിട്ടയായ വ്യായാമം, സ്ട്രെസ് മാനേജ്മെൻ്റ് എന്നിവയുൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും കിഡ്‌നി തകരാറിലാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.